‘ഇതാ കണ്ണൂരിൽ നിന്നുള്ള വീഡിയോ, പുതുപ്പള്ളി വീഡിയോ വരട്ടെ’; ചാണ്ടി ഉമ്മൻ്റെ വെല്ലുവിളി ഏറ്റെടുത്ത് എംബി രാജേഷ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് – എൽ ഡി എഫ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ പ്രചാരണ യോഗങ്ങളിലും വാർത്താ സമ്മേളനങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം വെല്ലുവിളികളും നിറയുകയാണ്. ഏറ്റവുമൊടുവിലായി മന്ത്രി എം ബി രാജേഷ് ആണ് ഇക്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരിലെ വികസനവും പുതുപ്പള്ളിയിലെ വികസനവും താരതമ്യം ചെയ്യാനുള്ള യു ഡി എഫ്‌ സ്ഥാനാർത്ഥിയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് എം ബി രാജേഷ് രംഗത്തെത്തിയത്. കണ്ണൂരിലെ വികസനത്തിൻറെ വിവരങ്ങൾ പറയുന്ന വീഡിയോ പങ്കുവച്ചാണ് യു ഡി എഫ്‌ സ്ഥാനാർത്ഥിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഈ വീഡിയോക്ക് മറുപടിയായി പുതുപ്പള്ളിയുടെ വികസനത്തെ കാണിക്കുന്ന യു ഡി എഫ്‌ മറുപടി വരട്ടെയെന്നും അതിനായി കാത്തിരിക്കുന്നുവെന്നും എം ബി രാജേഷ് വെല്ലുവിളിയും നടത്തിയിട്ടുണ്ട്. 5 മിനിട്ട് ദൈർഖ്യമുള്ള വീഡിയോ ആണ് എം ബി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

എം ബി രാജേഷിൻറെ കുറിപ്പ്

പുതുപ്പള്ളിയിലെ വികസനവും കണ്ണൂരിലെ വികസനവും താരതമ്യം ചെയ്യാൻ യുഡിഎഫ്‌ സ്ഥാനാർത്ഥി വെല്ലുവിളിച്ചതായി കണ്ടു. നന്ദി. കണ്ണൂരുമായി താരതമ്യപ്പെടുത്താനാണല്ലോ അദ്ദേഹം പറഞ്ഞത്‌. കണ്ണൂരിൽ നിന്നുള്ള ‌മറുപടി വീഡിയോ കാണുക. ഇനി ഇതിന്‌ പുതുപ്പള്ളിയുടെ വികസനത്തെ കാണിക്കുന്ന യുഡിഎഫ്‌ മറുപടി വരട്ടെ, അതിനായി കാത്തിരിക്കുന്നു. ആരോഗ്യകരമായ വികസന സംവാദവും രാഷ്ട്രീയ സംവാദവുമാക്കാം ഈ തെരഞ്ഞെടുപ്പ്.

അതേസമയം ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയായി ഇന്നാണ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു ഡി എഫ് സ്ഥാനാർത്ഥി. പുതുപ്പള്ളിയിൽ ജെയ്ക് മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും പ്രവർത്തിക്കുകയാണ്. ചാണ്ടി ഉമ്മനാകട്ടെ കന്നിയങ്കത്തിനാണ് ഇറങ്ങുന്നത്. ബി ജെ പി സ്ഥാനാർഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fvideos%2F169206946126116%2F%3Fref%3Dembed_video&show_text=0&width=560

Advertisement