വാർത്താനോട്ടം

2023 ആഗസ്റ്റ് 01 ചൊവ്വ

BREAKING NEWS

👉 ചെന്നൈയിൽ ഗുടുവഞ്ചേരിയിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകൾ വെടിയേറ്റ് മരിച്ചു.

👉 നിരവധി കൊലപാതക കേസുകളിലെ പ്രതികളായ രമേശ് ,ചോട്ടാവിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.വാഹന പരിശോധനയ്ക്കിടെ വാളുമായി പോലീസിനെ അക്രമിക്കുകയായിരുന്നു.

👉 ഡോ: വന്ദന ദാസ് കൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് കൊട്ടാരക്കര സി ജെ എം കോടതിയിൽ കുറ്റപത്രം നൽകും.

👉ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ നിലപാട് കടുപ്പിച്ച് സംവിധായകൻ വിനയൻ.

👉 റ്റി.കെ.ഹംസയുടെ രാജി പ്രഖ്യാപനത്തിനിടെ വഖഫ് ബോർഡ് യോഗം ഇന്ന് കോഴിക്കോട്

👉 പ്രധാനമന്ത്രിയെ ആദരിക്കുന്ന ചടങ്ങിൽ ശരത് പവാർ പങ്കെടുക്കും.

👉യാത്രാക്കാരിയുടെ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള മുംബൈ വിമാനം പുറപ്പെടാൻ വൈകി

👉മുംബൈ ട്രെയിനിലെ കൂട്ടക്കൊല : പ്രതി ചേതൻ സിംഗിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

👉മുതലപ്പൊഴിയിൽ മണ്ണും കല്ലും നീക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും.

👉അലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് തിരിച്ചറിയാൻ സാക്ഷികളെ എത്തിക്കും. കസ്റ്റഡി അപേഷയും ഇന്ന് നൽകും.

👉 കമ്പളക്കാട് അമ്മയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ കുടുംബം പോലീസ് കസ്റ്റഡിയിൽ

👉 മണിപ്പൂരിൽ ഇന്നലെ രാത്രി 11 വീടുകൾ തീ കത്തി നശിച്ചു. കുക്കികളുടെ വീടിന് തീവെച്ചതാണ്. ആ തീ പടർന്ന് മറ്റ് വീടുകളിലേക് പടരുകയായിരുന്നു.

കേരളീയം

🙏ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നും നാളേയും സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് പരിശോധന. ലൈസന്‍സിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടിയെടുക്കും.

🙏അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്റെ മൃതദേഹം നാളെ രാവിലെ 11 നു വക്കത്തു സംസ്‌കരിക്കും. മൂന്നു തവണ മന്ത്രിയും രണ്ടു തവണ സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ അനുശോചിച്ചു.

🙏നൗഷാദ് തിരോധാന കേസില്‍ ഭാര്യ അഫ്സാനക്കെതിരേ കൊലക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത പൊലീസിനെതിരേ വകുപ്പുതല അന്വേഷണം. പത്തനംതിട്ട ജില്ലാ അഡീഷണല്‍ എസ്പി ആര്‍ പ്രദീപ്കുമാര്‍ അന്വേഷണം നടത്താന്‍ ദക്ഷിണ മേഖല ഡിഐജി നിര്‍ദ്ദേശിച്ചു.

🙏കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു.

🙏മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാതീതമായ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഐ ജി ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

🙏യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിനു ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തെന്നും തന്നെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ കോടതിയെ അറിയിച്ചു.

🙏ശമ്പളം കൊടുക്കാന്‍ പോലും കടപ്പത്രം ഇറക്കേണ്ടി വരുന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

🙏നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവരെ വനം വകുപ്പില്‍ തുടരാന്‍ അനുവദിക്കില്ലെന്നു വന മന്ത്രി എ.കെ. ശശീന്ദ്രന്‍. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഉള്‍പ്പെടെ വിരമിക്കുന്ന പിസിസിഎഫുമാരുടെ യാത്രയയപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസംഗിച്ച വേദിയില്‍ ചേര കയറി. കണ്ണൂര്‍ കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെ ചേരയെ കണ്ടതോടെ സദസിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ പരിഭ്രാന്തരായി ചിതറിയോടി.

🙏അനാരോഗ്യകരമായ ചര്‍ച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ഒഴിവാക്കാന്‍ സമസ്ത- മുസ്ലിം ലീഗ് നേതാക്കളുടെ യോഗം ധാരണയായി. കൂടുതല്‍ വിപുലമായ യോഗം പിന്നീടു നടത്താനും തീരുമാനിച്ചിട്ടുണ്ട്.

🙏എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ ആണ് മാര്‍പ്പാപ്പയുടെ പ്രതിനിധിയായി എറണാകുളത്തെത്തുക.

🙏മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിനെ വിമര്‍ശിച്ചു പോസ്റ്റിട്ടതിനു ഭീഷണിയെന്നു നടന്‍ സുരാജ് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. ഫോണില്‍ വിളിച്ച് വധഭീഷണിയും അസഭ്യ വര്‍ഷവും നടത്തിയതിനു സൈബര്‍ പൊലീസ് കേസെടുത്തു.

🙏വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള മോട്ടോര്‍ വാഹ വകുപ്പിന്റെ ക്ലാസില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

🙏ട്രെയിനില്‍നിന്നു വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികില്‍സയിലായിരുന്ന 19 കാരി മരിച്ചു. വര്‍ക്കല ഇടവ കാപ്പില്‍ മൂന്നുമൂല വീട്ടില്‍ രേവതി (19) ആണ് മരിച്ചത്.

🙏കാഞ്ഞിരംകുളം തടത്തിക്കുളത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനേഴുകാരന്‍ മരിച്ചു. കാഞ്ഞിരംകുളം മേലെവിളാകം ലക്ഷംവീട് കോളനിയില്‍ ബിജു- സുനി ദമ്പതികളുടെ മകന്‍ പൊന്നു എന്ന ബിജിത്ത് (17) ആണ് മരിച്ചത്.

🙏തൃശൂര്‍ കൊണ്ടാഴിയില്‍ കാണാതായ വയോധിക വനത്തില്‍ മരിച്ച നിലയില്‍. കേരകകുന്നില്‍ വയലിങ്കല്‍ വീട്ടില്‍ തങ്കമ്മ (94) ആണു മരിച്ചത്. ഇവരെ പത്തു ദിവസം മുമ്പു കാണാതായെന്നു ബന്ധുക്കള്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

🙏ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24 കാരന് 40 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടൂക്കര പാലിയ താഴത്തു വീട്ടില്‍ ഷിനാസി (24) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

🙏ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഇരുമ്പു ഗേറ്റ് മോഷ്ടിച്ചു വിറ്റ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരന്‍ എ വി സത്യനാണ് പിടിയിലായത്.

🙏സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കീഴ്പെടുത്തി. കഠിനംകുളം സ്വദേശി റോബിന്‍ (39) നെതിരെ പൊലീസ് കേസെടുത്തു.

🙏കോട്ടയത്ത് സ്ത്രീയെ ആക്രമിച്ച കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സസ്പെന്‍ഷനിലായിരുന്ന വൈക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എസ് ഐ അജ്മല്‍ ഹുസൈന്‍, പൊലീസുകാരായ സാബു, വിനോയ്, വിനോദ് എന്നിവരുടെ സസ്പെന്‍ഷനാണ് ഡിഐജി എ. ശ്രീനിവാസ് പിന്‍വലിച്ചത്.

ദേശീയം

🙏ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് മൂന്ന് കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

🙏 പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ റാലിയുടെ മുന്‍നിരയിലുണ്ടെന്ന് ആരോപിച്ചു നടന്ന കല്ലേറോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്കു വെടിവച്ചു. റാലിയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയംതേടി.

🙏സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ രംഗത്തെത്തി.

🙏മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഇരയായ സ്ത്രീകള്‍. സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് ആസാമിലേക്കു മാറ്റരുതെന്നും ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ എവിടെ വേണമെന്ന് കോടതിക്കു തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

🙏മറ്റിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മണിപ്പൂരില്‍ നടന്നതിനെ ന്യായീകരിക്കരുതെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയെന്ന കേസിന്റെ വിചാരണ മണിപ്പൂരില്‍നിന്നു മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

🙏ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് കാറുകളും ആഭരണങ്ങളും പിടിച്ചെടുത്തു. ധരം സിംഗ് ചോക്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലാണ് റെയ്ഡ് നടത്തിയത്. നാല് ആഡംബര കാറുകളും പതിനാലര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും പിടിച്ചെടുത്തു.

🙏ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളില്‍ ഭാര്യയുടെ പേരു തിരുകിക്കയറ്റി ശമ്പളം ഇനത്തില്‍ ലക്ഷങ്ങള്‍ വെട്ടിച്ച കമ്പനി മാനേജര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ രാധാബല്ലവ് നാഥിനെയാണ് അറസ്റ്റു ചെയ്തത്.

അന്തർദേശീയം

🙏46,000 വര്‍ഷമായി ജീവനോടെയുള്ള പുഴുവിനെ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞരുടെ അവകാശവാദം. ഡ്രെഡ്സണിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സിലെ ശാസ്ത്രജ്ഞരാണ് മരവിച്ച അവസ്ഥയിലുള്ള പുഴുവിനെ കണ്ടെത്തിയത്. സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ ഉപരിതലത്തില്‍ നിന്ന് 40 മീറ്റര്‍ താഴെയായി ക്രിപ്‌റ്റോബയോസിസ് എന്നു വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴു.

കായികം

🙏അയര്‍ലന്‍ഡിനെതി
രായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പരുക്കുമൂലം 11 മാസം വിശ്രമത്തില്‍ കഴിയുകയായാരുന്ന ജസ്പ്രീത് ബുമ്ര നയിക്കും. സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ എന്നിവരെല്ലാം ടീമിലുണ്ട്. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് മത്സരങ്ങള്‍.

🙏ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ആവേശ ജയം. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. പരമ്പര സമനിലയിലായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വിജയികളായതിനാല്‍ ഓസീസ് ആഷസ് കിരീടം നിലനിര്‍ത്തി.

🙏രണ്ടാം ഇന്നിങ്‌സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ഇന്നലെ കളി ആരംഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 135 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയും 334 റണ്‍സിന് ഓസീസിനെ പുറത്താക്കിയാണ് ഇംഗ്ലണ്ടിനായി വിജയമൊരുക്കിയത്.

Advertisement