കെപിസിസി അനുസ്മരണം ഇന്ന്,ഉമ്മന്‍ചാണ്ടിയെ പിണറായി അനുസ്മരിക്കും

തിരുവനന്തപുരം . കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. കെപിസിസി സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ ആദ്യമായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്.

ജന നേതാവിന് ആദരമർപ്പിക്കാൻ കെപിസിസി ഒരുക്കുന്ന അനുസ്മരണ പരിപാടി ചരിത്രസംഭവമാക്കി മാറ്റാനാണ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനം. എതിർപ്പുകൾ മാറ്റിവെച്ച് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചതും ഇതിൻറെ ഭാഗമാണ്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ കോൺഗ്രസിലെ പല നേതാക്കൾക്കും യോജിപ്പില്ല. ഉദ്ഘാടകനായി ക്ഷണിച്ച മുഖ്യമന്ത്രിയെ പിന്നീട് അനുസ്മരണ പ്രഭാഷകൻ ആക്കി മാറ്റിയതും ഇതുകൊണ്ടാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ഉദ്ഘാടകൻ ഉണ്ടാവില്ല.

ഉമ്മന്‍ചാണ്ടിയോട് ഇടതുപക്ഷം ചെയ്തത് നീതിയല്ല എന്ന വികാരമാണ് പൊതുവേ ജനത്തിനുള്ളത്. ഈ വികാരം കത്തിനിന്നാലേ രാഷ്ട്രീയ ഗുണമുള്ളു എന്ന അഭിപ്രായമുള്ളവരുണ്ട്. സിപിഎം നേതാക്കളുടെ പ്രസംഗത്തിന് തലയാട്ടി ഇതെല്ലാം ക്ഷമിച്ചു എന്ന തോന്നല്‍ അപകടമാണെന്ന് അവര്‍ കരുതുന്നു. മുസ്ലിം ലീഗ് സിപിഎം യുസിസി യോഗത്തിനു വിളിച്ചപ്പോള്‍ ചെയ്തതാണിതിന് ഉദാഹരണമായി ഇവര്‍ പറയുന്നത്.സര്‍ക്കാരിന്‍റെ സഹുമതിയോടെയുള്ള സംസ്കാരം വേണ്ടെന്നു വച്ചതുപോലും വ്യാപകമായി ജനത്തിന് ഇഷ്ടമായതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ പീ‍ഡനാരോപണവും പ്രചരണവും കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പുകളുടെ സൃഷ്ടിയായിരുന്നു എന്ന മട്ടിലാണ് സിപിഎം സൈബര്‍ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള എല്ലാവരും അനുസ്മരണ പ്രഭാഷണം നടത്തും. കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾക്ക് പുറമേ വിവിധ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും. സമുദായിക സംഘടന നേതാക്കളെയും കലാസാംസ്കാരിക ചലച്ചിത്രപ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ചാണ് പരിപാടി.

ഒരു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ എതിർ പാർട്ടിയിലെ പ്രധാന നേതാവ് പങ്കെടുക്കുന്നു എന്ന രാഷ്ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ട്. അനുസ്മരണ സമ്മേളനത്തിന് ശേഷവും പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ കെപിസിസി ആരംഭിക്കുക.

Advertisement