ബസുടമയെ ആക്രമിച്ച സിഐടി യു ജില്ലാ നേതാവ് അജയന്‍ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ കോട്ടയം തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സി.ഐ.ടി യു ജില്ലാ നേതാവ് അജയന് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയച്ച ഹൈക്കോടതി നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. സ്വമേധയാ എടുത്ത കോടതിയലക്ഷ്യകേസിൽ കക്ഷി ചേർത്തു കൊണ്ടാണ് സിംഗിൾ ബഞ്ചിന്റെ നടപടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഡിവൈ.എസ്.പി കോടതിയെ അറിയിച്ചു.

എന്നാൽ പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന കാര്യം ബസുടമയെ ആക്രമിച്ച അജയന് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചു. ഇടക്കാല ഉത്തരവ് നിലവിലുണ്ടെന്ന് അക്രമിക്കറിയാമെന്ന് പോലീസും മറുപടി നൽകി. തുടർന്ന് അജയന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട കോടതി പോലീസ് ഉദ്യോഗസ്ഥർ ഹാജരാകുന്നത് ഒഴിവാക്കുകയും ചെയ്തു. കേസ് ഹൈക്കോടതി ആഗസ്റ്റ്‌ രണ്ടിന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ജൂൺ 17 ന് ബസിനു മുന്നിൽ സി.ഐ.ടി യു കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തുകയും , പിന്നീട് കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണത്തിനായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഉടമ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.

Advertisement