എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ്,ജസ്റ്റിസ് ജി ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ നടപടിക്ക് സ്റ്റേ

കൊച്ചി.എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങൾ തയാറാക്കുന്നതിനും ശുപാർശകൾ നൽകാനും ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

സർക്കാരിന് കമ്മിഷനെ നിയമിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശി ആർ.വിനോദ് കുമാറടക്കം മൂന്ന് എസ്എൻഡിപി യോഗം അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. രണ്ടുമാസത്തേക്കാണ് സ്റ്റേ. ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. ജസ്റ്റിസ് ജി.ശശിധരനെ നിയമിച്ച് സർക്കാർ ഏപ്രിൽ 19നാണ് ഉത്തരവിട്ടത്. എന്നാൽ ഇന്ത്യൻ കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും, ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു ഹർജി.
തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എൻഡിപി യോഗത്തിന്റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും, ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും ഹർജിയിലുണ്ട്.

Advertisement