ഭവാനി പുഴയില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

അട്ടപ്പാടി. ഭവാനി പുഴയില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.പുഴയില്‍ വീഴും മുമ്പ് മരിച്ചതായും പിന്‍കാലുകള്‍ക്ക് ഒടിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പുലിയുടെ ശരീരസ്രവ സാംപിളുകള്‍ ഇന്ന് രാസപരിശോധനയ്ക്ക് അയക്കും.ഇന്നലെയാണ് പുഴയില്‍ പുലിയുടെ ജഡം ഒഴുകിയെത്തിയത്


ഇന്നലെ അട്ടപ്പാടി ഭവാനി പുഴയില്‍ ചിണ്ടക്കി ചെക്ഡാമിന് സമീപത്താണ് പുലിയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം കരയ്ക്കെത്തിച്ച് പരിശോധിച്ചു.10 വയസ്സ് പ്രായമുള്ള ആണ്‍പുലിയുടെ ജഡം ഉച്ചയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടവും നടത്തി.

ബാഹ്യമായ പരിശോധനയില്‍ മുറിവുകള്‍ ഇല്ലായിരുന്നെന്നും തലയ്ക്ക് സാരമായ ക്ഷേതമേറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്മാര്‍ട്ടത്തിലെ കണ്ടെത്തല്‍. പിന്‍കാലുകളില്‍ ഒന്ന് ഒടിഞ്ഞ നിലയിലും എല്ലുകള്‍ക്ക് പൊട്ടലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉയരത്തില്‍ നിന്ന് ചാടിയപ്പോള്‍ സംഭവിച്ചതാവാം എന്നാണ് നിഗമനം. പുഴയില്‍ വീഴും മുമ്പ് പുലിയുടെ മരണം സംഭവിച്ചിട്ടുണെന്നാണ് പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയ വെറ്റിനറി സര്‍ജന്റെ കണ്ടെത്തല്‍. പുലിയുടെ ശരീരസ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് എറണാകുളത്തേക്ക് അയക്കുമെന്നും സൈലന്റ് വാലി ഡിഎഫ്ഒ പറഞ്ഞു.

.representational image

Advertisement