ഊത്ത പിടിത്തത്തിന് വിലക്കുമായി ഫിഷറീസ് വകുപ്പ്; കിഴക്കേ കല്ലടയിൽ നിന്ന് കൂടുകളും വലകളും പിടികൂടി

കൊല്ലം: തനത് മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമാകുന്ന ഊത്ത പിടിത്തത്തിന് എതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയിൽ കൂടുകളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടികളുടെ ഭാഗമായി ജില്ലയിലെ കിഴക്കേ കല്ലട മേഖലയിൽ നിന്ന് കൂടുകളും വലകളും പിടികൂടി.

കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും.

പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.

മഴ തിമിർത്തു പെയ്യുമ്പോൾ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഊത്തപിടുത്തം സജീവമാണ്. ആലപ്പുഴ താമരക്കുളം ചത്തിയറപുഞ്ചയിൽ പാലത്തിന്റെ ഇരുവശങ്ങളിലായി ഏക്കറു കണക്കിന് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പുഞ്ചയിൽ നിന്ന് നാട്ടുകാരടക്കം മീൻ പിടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏട്ട, കുറുവ, കട്ട്ള, ആറ്റുവാള തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ ധാരാളം പിടിച്ചത്. വീശുവല, മടവല, ചൂണ്ട തുടങ്ങിയവ ഉപയോഗിച്ചാണ് മീൻപിടുത്തം.

മഴക്കാലത്തെല്ലാം ഇവിടെ നിന്ന് നാട്ടുകാരടക്കം മത്സ്യം പിടിക്കുക പതിവാണ്. ലഭിക്കുന്ന മീൻ റോഡരിൽവെച്ചു തന്നെ വിൽക്കും. ചിലർ വീടുകളിലേക്ക് കൊണ്ടുവരും. കിലോയ്ക്ക് 200 രൂപ മുതൽ 350 രൂപവരെയാണ് വില. ഇത്തവണത്തെ പെയ്ത്തിലും ചാകരയാണെന്നാണ് മത്സ്യം പിടിക്കുന്നവർ പറയുന്നത്. മഴ കുറയും വരെ മീൻപിടുത്തവും വിൽപനയും തുടരും. ജീവനോടെയുള്ള മീൻ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തുന്നുണ്ട്.

Advertisement