മഴ പോലെ നിലത്തേക്ക് വീണ് ചിലന്തികളും വലകളും, ദേശാടനത്തിന്റെ ഞെട്ടലിൽ നാട്ടുകാർ

Advertisement

കാലിഫോർണിയ: വെയിൽ ആസ്വദിക്കാനായി വീടിന് പുറത്തേക്ക് ഇറങ്ങിയവരുടെ ദേഹത്തേക്ക് മഴ പോലെ ചിലന്തിയും വലകളും. ഭീതിയിലായി കാലിഫോർണിയയിലെ സെൻട്രൽ കോസ്റ്റിലെ ആളുകൾ. ചെറുചിലന്തികളും വലകളും മഴ പോലെ വീഴുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.

വായുവിലൂടെ ഒഴുകി പറക്കുകയും കെട്ടിടങ്ങളുടെ മുകളിലും ഭിത്തികളിലും ചിലന്തി വലകൾ കൊണ്ട് പൊതിയുകയും ചെയ്യുന്ന അപൂർവ്വ സാഹചര്യമാണ് കാലിഫോർണിയയിൽ കഴിഞ്ഞ ദിവസമുണ്ടായതെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ മേഖലകളിലേക്ക് കുടിയേറുന്ന സ്വഭാവമുള്ള സിൽക്ക് ബേബി ചിലന്തികളുടെ വലകളാണ് വ്യാപകമായി മഴ പോലെ വീണതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഇവ സാധാരണ ഗതിയിൽ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്തുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാവുക.

വല നെയ്ത് അതിനുള്ളിൽ പൊതിഞ്ഞ നിലയിൽ കാറ്റിനൊപ്പം സഞ്ചരിക്കുന്നതാണ് ഇവയുടെ കുടിയേറ്റ രീതി. സാൻസ്ഫ്രാൻസിസ്കോ, സാൻ ജോസ്, ഡാൻവില്ലേ, ഗിലോറിയിലും സമാനമായ പ്രതിഭാസം കണ്ടതായാണ് മാധ്യമ വാർത്തകൾ. ഭക്ഷണത്തിന് അതി രൂക്ഷമായ ക്ഷാമം നേരിടുന്ന സമയത്താണ് സാധാരണ ഗതിയിൽ ഇവ ദേശാടനം നടത്താറെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

Advertisement