പെരുമൺ ട്രയിനപകടത്തിന് ഇന്ന് 35 ആണ്ട്

കൊല്ലം:
1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടത്തിന് ഇന്ന് 35 വർഷം തികയുന്നു. കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദുരന്തത്തിൽ മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയിൽവെ അധികാരികൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. സ്വജീവൻ അവഗണിച്ച് നാല്പതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂർണമായും നൽകിയിട്ടില്ല. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം.അപകടത്തിൻ്റെ കാരണം ടൊർണ്ണാടോയിൽ ചാരിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് 35 വർഷങ്ങൾക്കിപ്പുറവും റെയിൽവേ.

Advertisement