കൊല്ലം. റെയില്‍വേ അപകട ചരിത്രത്തില്‍ സമാനതയില്ലാത്ത പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 34 വയസ്സ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 ജീവനുകളാണ് പൊലിഞ്ഞത്. ഐലന്‍റ് എക്സ്പ്രസ് പാണംതെറ്റി അഷ്ടമുടിക്കായലില്‍പതിച്ച അപകടത്തിന്‍റെ വിശ്വാസയോഗ്യമായ കാരണമെന്തെന്ന് ഇന്നും കണ്ടെത്തിയിട്ടില്ല.

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസ് 1988 ജൂലൈ 8 നാണ് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയത്., കൊല്ലം ജില്ലയിലെ പെരുമണുകാർ അന്ന് സാക്ഷ്യം വഹിച്ചത് കേട്ടുകേള്‍വിയില്ലാത്ത മഹാദുരന്തത്തിനാണ്. ഉച്ചയ്ക്ക് 12.20 ഓടെയാണ് പാഞ്ഞെത്തിയ തീവണ്ടിയുടെ പിന്‍ബോഗികള്‍ പെരുമൺ പാലത്തിൽ വച്ച് പാളം തെറ്റിയത്. അഷ്ടമുടി കായലിലേക്ക് തീവണ്ടി ബോഗികൾ നിലതെറ്റിമറിഞ്ഞു.ആര്‍ത്തനാദങ്ങളുയര്‍ന്നപ്പോള്‍ നാട്ടുകാര്‍ പാഞ്ഞെത്തി.അവര്‍ നേരിട്ടതും ഒരസാധാരണ പ്രശ്നമായിരുന്നു. ബോഗികളുടെ ജാലകകമ്പികളാണ് വില്ലനായത്.ഉയര്‍ന്നുവീശിയ കൈകള്‍ ശക്തിക്ഷയിച്ചു താഴുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് നിസഹായമായി നോക്കിനില്‍ക്കേണ്ടിവന്നു. കയ്യില്‍ കിട്ടിയ കോടാലിയും കമ്പിപ്പാരയുമായി ഓടിവന്നവര്‍ പക്ഷേ അബോധനിലയില്‍നൂറുകണക്കിനാളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ജില്ല കണ്ട ഏറ്റവും വലുംതും ഊര്‍ജ്ജിതവുമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്.

ജില്ലാ ഭരണകൂടവും റെയിൽവേയും ഒക്കെ രക്ഷാദൗത്യത്തിനായി എത്തും മുന്നേ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 105 പേരാണ് ആ അപകടത്തിൽ മരിച്ചത്. ബോഗികൾക്കുള്ളിൽ ശ്വാസംമുട്ടി ആയിരുന്നു പലരുടെയും മരണം.ഊര്‍ജ്ജിത രക്ഷാപ്രവർത്തനമാണ് മരണസംഖ്യ 105 ൽ ഒതുക്കിയത്. ദിവസങ്ങൾക്ക് ശേഷമാണ് പല മൃതദേഹങ്ങളും പുറത്തെടുത്തത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കേട്ടുകേഴ്‍വിയില്ലാത്ത ടൊര്‍നാഡോ ചുഴലിക്കാറ്റാണ് അപകടകാരണം എന്ന് കണ്ടെത്തിയത് റെയിൽവേ നിയോഗിച്ച ആദ്യ അന്വേഷണ കമ്മീഷൻ ആണ്. പക്ഷേ ഒരു ചെറു കാറ്റ് പോലും അവിടെ അടിച്ചിരുന്നില്ലെന്ന് നാട്ടുകാരുടെ വാദത്തെ തുടർന്ന് വീണ്ടും അന്വേഷണ കമ്മീഷനെ നിയോഗിച്ചു. രണ്ടാമത്തെ അന്വേഷണ കമ്മീഷനും ടെർണാഡോ ചുഴലിക്കാറ്റാണ് അപകടകാരണമെന്ന വിലയിരുത്തലിലെത്തി. പക്ഷേ നാട്ടുകാരാരും ഇപ്പോഴും അത് വിശ്വസിച്ചിട്ടില്ല. റെയിൽവേയുടെ സുരക്ഷാവീഴ്ചയാണ് അപകടകാരണം എന്നത് വ്യക്തമാണ് താനും.