മയക്കുമരുന്നു കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയത് ബന്ധുവാണെന്ന് സൂചന

Advertisement

ചാലക്കുടി. മയക്കുമരുന്നു കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയത് ബന്ധുവാണെന്ന് സൂചന. ബംഗലൂരുവിൽ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്
തന്റെ കുടുംബത്തില്‍ത്തന്നെയുള്ളയാളാണ് ഇത് ചെയ്തതെന്നാണ് ഷീല എക്സൈസിനോടു സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. സംശയിക്കുന്ന ബന്ധു ഇപ്പോള്‍ ഒളിവിലാണ് ഫോണ്‍ സ്വിച്ച്ഓഫ് ആയതും സംശയത്തിന്‍റെ ആക്കം കൂട്ടുന്നു.

ബംഗളുരുവില്‍നിന്ന് എത്തിയ ബന്ധു തന്റെ വാഹനത്തിലെ ബാഗില്‍ മയക്കുമരുന്നെന്ന് സംശയിക്കുന്ന സ്റ്റാമ്ബ് വച്ചതാണെന്നാണ് ഷീലയുടെ ആരോപണം. എക്സൈസ് പിടിച്ചെടുത്ത ഈ സ്റ്റാമ്ബാണ് രാസപരിശോധനയില്‍ വെറും കടലാസാണെന്നു സ്ഥിരീകരിച്ചത്.

കഴിഞ്ഞ മേയ് 10ന് ജാമ്യം ലഭിക്കുന്നതു വരെ 72 ദിവസമാണ് ഷീല വിയ്യൂര്‍ ജയിലില്‍ കിടന്നത്. ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്റെ ബ്യൂട്ടി പാര്‍ലറില്‍വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല പറഞ്ഞു.

എക്സൈസ് ഉദ്യോഗസ്ഥരോട് താന്‍ ഇങ്ങനെയൊന്നും ചെയ്യാറില്ലെന്നു പറഞ്ഞിട്ടും കേട്ടില്ല. ഒന്നര മാസമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തന്നെ യഥാര്‍ഥമായി നിരീക്ഷിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യാത്ത ആളാണെന്നു മനസിലാകുമായിരുന്നുവെന്നും ഷീല പറഞ്ഞു. പിന്നീട് നേരേ ജയിലിലേക്കു വിടുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് എത്തിയ ബന്ധുക്കള്‍ തന്റെ സ്‌കൂട്ടര്‍ കൊണ്ടുപോയിരുന്നതായി ഷീല പറയുന്നു.

അവര്‍ തിരികെ കൊണ്ടുവന്നു വച്ചപ്പോള്‍ അതിനുള്ളില്‍ വച്ചിരുന്ന ബാഗിലെ അറയില്‍നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കൃത്യമായി ഇതെടുക്കുകയായിരുന്നു. ഈ ചതി അന്വേഷിക്കണമെന്നാണ് ഷീല ആവശ്യപ്പെടുന്നത്. ചെയ്യാത്ത കുറ്റത്തിന് എല്ലാം അനുഭവിച്ചുകഴിഞ്ഞു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നു ഷീല പറഞ്ഞു.

ആരാണ് തനിക്കെതിരേ ചതി ചെയ്തതെന്നും എക്സൈസിനെ വിളിച്ചു പറഞ്ഞത് ആരാണെന്നും അറിയണമെന്നാണ് ഷീലയുടെ ഇപ്പോഴത്തെ ലക്ഷ്യം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എക്സൈസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Advertisement