വാർത്താനോട്ടം

2023 ജൂൺ 21 ബുധൻ

BREAKING NEWS

👉 കെ എസ് യു കൺവീനർ അൻസിൽ ജലീലും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ.ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം

👉 കേരള തീരത്ത് കാലവർഷക്കാറ്റ് ദുർബലം. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.

👉 വ്യാജരേഖ; കെ.വിദ്യയുടെ ഒളിവ് ജീവിതം തുടരുന്നു.

കേരളീയം

🙏കേരളം പനിച്ചു വിറയ്ക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്. കഴിഞ്ഞയാഴ്ചയാണു പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നത്. ഇന്നലെ സംസ്ഥാനത്ത് 12876 പേര്‍ പനിക്കു ചികിത്സ തേടി. മലപ്പുറം ജില്ലയിലാണു കൂടുതല്‍ പനി പകര്‍ച്ച. 2095 പേരാണ് മലപ്പുറം ജില്ലയില്‍ ചികിത്സ തേടിയത്. സംസ്ഥാനത്ത് 133 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ പകുതിയും എറണാകുളം ജില്ലയിലാണ്. എറണാകുളത്തു 64 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

🙏സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

🙏എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ തേടി കേരള പോലീസ് കലിംഗ സര്‍വകലാശാലയിലേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന് കേരള സര്‍വകലാശാല. അന്‍സിലിനെതിരെയും പരീക്ഷ കണ്‍ട്രോളര്‍ ഡിജിപിക്കു പരാതി നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറോടു റിപ്പോര്‍ട്ടു തേടിയിട്ടുമുണ്ട്.

🙏പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലന്‍സ് കേസില്‍ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. വിദേശത്തുനിന്നു പണം വാങ്ങിയിട്ടും പുനര്‍ജനി പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയില്ലെന്നാണ് മൊഴി. പറവൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ സമദിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി.

🙏മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം. ജയിലില്‍നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും റസ്റ്റം പറഞ്ഞു. കെ സുധാകരനെതിരേ മൊഴി നല്‍കണമെന്ന് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.

🙏കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

.

🙏കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുഴുവന്‍ സീറ്റിലും വിജയം. തുടര്‍ച്ചയായ 24 -ാം തവണയാണ് എസ്എഫ്‌ഐ ജയിക്കുന്നത്. ചെയര്‍പേഴ്‌സണായി ടി പി അഖിലയും ജനറല്‍ സെക്രട്ടറിയായി ടി പ്രതികും തെരഞ്ഞെടുക്കപ്പെട്ടു.

🙏വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി.

🙏കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാര്‍ഷികോല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ കല്ലിയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനു കോളജില്‍ പ്രവേശനത്തിനു സഹായിച്ചത് ആരാണെന്നു സിപിഎം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിന്‍ഡിക്കറ്റ് അംഗവുമായ കെ.എച്ച്. ബാബുരാജാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

🙏ഉന്നത വിദ്യാഭ്യാസമേഖലയെ സിപിഎമ്മും ഇടതു സര്‍ക്കാരും സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിനു മുമ്പില്‍ നാണംകെടുത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

🙏മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ടു ഭീഷണി സന്ദേശം അയച്ചയാളെ കാട്ടാക്കട പൊലീസ് പിടികൂടി. കാട്ടാക്കട അബലത്തിന്‍കാല സ്വദേശി അജയകുമാര്‍ (53) ആണ് പിടിയിലായത്. 100 കോടി രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഈമെയില്‍ സന്ദേശം അയച്ചിരുന്നു.

🙏സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തില്‍ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

🙏തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’ എന്നാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

🙏അമിത പിഴപ്പലിശ ഈടാക്കിയതിന് ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിനു നേരെ പടക്കമെറിഞ്ഞു സ്ഫോടനമുണ്ടാക്കിയ പ്രതി പിടിയില്‍. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിയും എസി മെക്കാനിക്കുമായ രജീഷ് പ്രകാശാണു പിടിയിലായത്. തൃശൂര്‍ പാട്ടുരായ്ക്കലിലെ എടിഎമ്മിലാണു പടക്കമെറിഞ്ഞത്.

🙏പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അടച്ചിട്ട വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

🙏കണ്ണൂര്‍ ചെട്ടിപ്പീടികയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു.

ദേശീയം

🙏ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ പരിപാടിയില്‍ പങ്കെടുക്കും. ലോകമെങ്ങും വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

🙏എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയില്‍ തമിഴ്നാട് മനുഷ്യാവകാശ കമ്മീഷന്‍ ഇഡിക്ക് നോട്ടീസയച്ചു. ഇതേസമയം, ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ഇന്നു നടക്കും.

🙏അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 14 നു മകര സംക്രാന്തി ദിനത്തില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.

🙏ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉഷ്ണതരംഗങ്ങള്‍. ഹിമാലയത്തിലെ ഹിന്ദുകുഷ് മേഖലയില്‍ മഞ്ഞുരുകിയാല്‍ അവിടെനിന്ന് ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.

🙏പ്രായപൂര്‍ത്തിയാ
കാത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന ആന്ധ്രാപ്രദേശിലെ സ്വാമിക്കെതിരെ വീണ്ടും പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണു സ്വാമിക്കെതിരേ പരാതി നല്‍കിയത്. ആശ്രമത്തില്‍ നിന്ന് ഏതാനും നാള്‍മുമ്പു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പരാതിക്കാരി.

🙏ബോംബെ ഐഐടിക്ക് പൂര്‍വ വിദ്യാര്‍ത്ഥിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി 315 കോടി രൂപ സംഭാവന ചെയ്തു. ബോംബെ ഐഐടിയില്‍ പഠിച്ചതിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് വലിയ തുക അദ്ദേഹം സംഭാവന ചെയ്തത്.

അന്തർദേശീയം

🙏ദുബൈ വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടാകുമെന്നു മുന്നറിയിപ്പ്. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെ 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ഫ്ളൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.

🙏സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ പണം തേടുന്ന പാക്കിസ്ഥാന്‍ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്കു വിറ്റു. ഐഎംഎഫില്‍നിന്നു വായ്പ ലഭിക്കാന്‍ ഉപാധികള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖം കൈമാറാന്‍ ധാരണയുണ്ടാക്കിയത്.

🙏പാക് പഞ്ചാബിലെ മിയാന്‍വാലിയില്‍ പാക്കിസ്ഥാന്‍ ചൈനയെക്കൊണ്ട് 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിപ്പിക്കുന്നു. ഇതിനായി 480 കോടി ഡോളറിന്റെ കരാറില്‍ ചൈനയും പാക്കിസ്ഥാനം ഒപ്പുവച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ചൈനയുടെ വാഗ്ദാനം.

🙏അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അപ്രത്യക്ഷമായ മുങ്ങിക്കപ്പലില്‍ പാക്കിസ്ഥാനിലേയും ബ്രിട്ടനിലേയും മൂന്നു കോടീശ്വരന്മാര്‍. ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് ഇന്ത്യയിലേക്കു ചീറ്റകളെ എത്തിക്കാന്‍ സഹായിച്ച ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിംഗും ഇക്കൂട്ടത്തിലുണ്ട്. അഞ്ചു പേരുള്ള അന്തര്‍വാഹനിയില്‍ ഏതാനും മണിക്കൂറിനുള്ള ഓക്സിജന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കായികം

🙏ആഷസ് പരമ്പരയിലെ ആവേശകരമായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. ജയമുറപ്പിച്ച ഇംഗ്ലണ്ടില്‍ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 55 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് – നഥാന്‍ ലിയോണ്‍ സഖ്യം. പാറ്റ് കമ്മിന്‍സ് 44 റണ്‍സെടുത്തപ്പോള്‍ നഥാന്‍ ലിയോണ്‍ 16 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്സില്‍ 141 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ രണ്ടാം ഇന്നിംഗ്സിലെ 65 റണ്‍സ് പ്രകടനവും ആസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായി.

Advertisement