വാർത്താനോട്ടം

2023 ജൂൺ 18 ഞായർ

കേരളീയം

🙏 അമേരിക്ക, ക്യൂബ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനും ഒപ്പമുണ്ട്. ഇന്നു ദുബായില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തും.

🙏മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വഞ്ചനകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാര്‍. കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ സുധാകരന്റെ അടുപ്പക്കാരന്‍ എബിന്‍ എബ്രഹാം ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ പുറത്തു വിട്ടു. കരാര്‍ജോലി വാഗ്ദാനം ചെയ്തെന്നാണ് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ ആരോപിച്ചത്.

🙏കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എബിന്‍ എബ്രഹാം. ഇടനിലക്കാരനായിട്ടില്ലെന്നും ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും എബിന്‍ എബ്രഹാം പ്രതികരിച്ചു. അവരുമായി കൂടിക്കാഴ്ച നടത്തിയ ഘട്ടത്തില്‍ സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ലായിരുന്നെന്നും എബിന്‍.

🙏പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടാന്‍ കേരളത്തിന് ലോക ബാങ്ക് 1,228 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1250 ലക്ഷം ഡോളറിന്റെ വായ്പയ്ക്കു പുറമേയാണിത്. വെള്ളപ്പൊക്കം, പ്രളയം, തീരശോഷണം തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയിലും ഈ തുക വിനിയോഗിക്കാം.

🙏മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീമില്‍ അപേക്ഷ സമര്‍പ്പിച്ചതിലെ തെറ്റുകള്‍ തിരുത്താനായി പോര്‍ട്ടല്‍ തുറന്നുകൊടുക്കാന്‍ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശം നല്‍കി.

🙏പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജന്‍.

🙏കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൂന്നു മാസമായി കേടായിക്കിടക്കുന്ന ലിഫ്റ്റ് നന്നാക്കാന്‍ തുടങ്ങി. പണി പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ ആറാം നിലയില്‍നിന്ന് കിടപ്പു രോഗികളെയും മറ്റും ചുമന്നാണ് ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നത്.

🙏തൃശൂര്‍ അത്താണി ഫെഡറല്‍ ബാങ്കില്‍ ജീവനക്കാര്‍ക്കുനേരേ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്നു ഭീഷണിപ്പെടുത്തിയയാളെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

🙏കള്ളുഷാപ്പു നടത്തിപ്പിനു സിപിഎം കായംകുളം ഏരിയാ സെക്രട്ടറി അഞ്ചര ലക്ഷം രൂപ വാങ്ങിയെന്നു പരാതി. പണം തരാതെ ഷാപ്പു നടത്താന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

🙏പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി ഉത്തരവു മാനിക്കുന്നുവെന്ന് പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും തത്കാലം പറയുന്നില്ലെന്നും മോന്‍സന്‍ പറഞ്ഞു.

🙏വിദേശത്തെ പണമിടപാടു തര്‍ക്കത്തിന്റെ പേരില്‍ താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായി. മലപ്പുറം രണ്ടത്താണി സ്വദേശികളായ കുന്നക്കാട്ട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, തിരുനിലത്ത് സാബിത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

🙏കൊല്ലം കുണ്ടറയില്‍ പതിനഞ്ചു വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിനിടിച്ചു മരിച്ച നിലയില്‍. കോളശ്ശേരി സ്വദേശി കാര്‍ത്തിക്, പുത്തന്‍കുളങ്ങര സ്വദേശിനി മാളവിക എന്നിവരാണു മരിച്ചത്.

🙏അടൂരില്‍ ബൈക്കിലെത്തി മധ്യവയസ്‌കന്റെ മാല പൊട്ടിച്ച യുവതി പിടിയില്‍. ആലപ്പുഴ കൃഷ്ണപുരം സ്വദേശി 27 കാരി സരിതയാണ് അറസ്റ്റിലായത്. ആണ്‍സുഹൃത്ത് അന്‍വര്‍ ഷാ രക്ഷപ്പെട്ടു. മാല പൊട്ടിക്കുന്നതു തടയാന്‍ ശ്രമിച്ച തങ്കപ്പനെ മര്‍ദിക്കുന്നതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അന്‍വര്‍ഷാ ഓടിരക്ഷപ്പെടുകയായിരുന്നു.

ദേശീയം

🙏മണിപ്പൂരില്‍നിന്ന് എത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കു കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങിയ സംഘം മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി വിദേശ പര്യടനത്തിനു പോകും. നൂറ്റിഇരുപതോളം പേര്‍ കൊല്ലപ്പെടുകയും ഇരുപതിനായിരത്തിലേറെ വീടുകളും കെട്ടിടങ്ങളും കത്തിക്കുകയും എണ്‍പതിനായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാകുകയും ചെയ്ത മണിപ്പൂര്‍ വംശീയ കലാപം അവസാനിപ്പിക്കാന്‍ മോദി ഇടപെടുന്നില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.

🙏മണിപ്പൂരിലെ കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും അക്രമി സംഘങ്ങളും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി.

🙏ലൈംഗിക പീഡനത്തിനു ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരേ സമരം നയിച്ച ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. താരങ്ങള്‍ക്കു പരിശീലനത്തിനു സാവകാശം ലഭിക്കാന്‍ ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങള്‍ നീട്ടിവയ്ക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ സംഘാടകരായ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്കു കത്തയച്ചു.

🙏കോണ്‍ഗ്രസില്‍ ചേര്‍ന്നുകൂടെയെന്ന് ഒരു നേതാവു തന്നോടു ചോദിച്ചപ്പോള്‍, അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്നാണു താന്‍ മറുപടി നല്‍കിയതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.

🙏ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചുഴലിക്കാറ്റില്‍ 47 പേര്‍ക്ക് പരിക്കേറ്റു. 234 മൃഗങ്ങള്‍ ചത്തു. ഗുജറാത്തില്‍ തകരാറിലായ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ പുനസ്ഥാപിച്ചെന്നും അദ്ദേഹം അറിയിച്ചു.

അന്തർദേശീയം

🙏ഗ്രീന്‍ കാര്‍ഡ് യോഗ്യതാ മാനദണ്ഡങ്ങളില്‍ അമേരിക്ക ഇളവു വരുത്തി. ജോലി ചെയ്യുന്നതിനും യുഎസില്‍ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ഇളവ്. നിരവധി ഐടി പ്രഫഷണലുകളാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.

🙏ഉഗാണ്ടയില്‍ ഭീകരര്‍ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ 38 വിദ്യാര്‍ത്ഥികള്‍ അടക്കം 41 പേര്‍ കൊല്ലപ്പെട്ടു. സെക്കന്‍ഡറി സ്‌കൂളിനുനേരെ ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന ഭീകര സംഘടനാ പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുകയായിരുന്നു.

കായികം

🙏അഫ്ഗാനിസ്താനെ 546 റണ്‍സിന് പരാജയപ്പെടുത്തിയ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയം. റണ്‍സടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവും ടെസ്റ്റ്് ചരിത്രത്തിലെ മൂന്നാമത്തെ വിജയവുമാണ് ബംഗ്ലാദേശ് നേടിയത്. 662 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താന്‍ 115 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 1928-ല്‍ ഓസ്‌ട്രേലിയയെ 675 റണ്‍സിന് ഇംഗ്ലീഷ് പട തകര്‍ത്തതും 1934-ല്‍ ഓസീസ് ഇംഗ്ലണ്ടിനെ 562-റണ്‍സിന് കീഴടക്കിയതുമാണ് ടെസ്റ്റ് ചരിത്രത്തിലെ ഇതിനു മുമ്പുള്ള മികച്ച വിജയങ്ങള്‍.

🙏ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 311 ന് 5 എന്ന നിലയിലാണ് ഓസ്ട്രേലിയ. 126 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഉസ്മാന്‍ഖവാജയാണ് ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗസിന് കരുത്തുപകര്‍ന്നത്.

Advertisement