കരുനാഗപ്പള്ളി നഗരസഭയിൽ പള്ളിക്കലാറിൻ്റെയും മറ്റ് കായലുകളുടെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്ക് തുടക്കമായി

Advertisement

കരുനാഗപ്പള്ളി. പള്ളിക്കലാറിൻ്റെയും മറ്റ് കായലുകളുടെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്ക് നഗരസഭയിൽ തുടക്കമായി. ചെന്നൈ ആസ്ഥാനമായുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിൻ പ്രകാരമാണ് നടപടികൾ തുടങ്ങിയത്. പള്ളിക്കലാർ, വട്ടക്കായൽ,ടി എസ് കനാൽ തുടങ്ങി വിവിധ ജലാശയങ്ങളുടെ കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുന്ന നടപടികൾക്കാണ് തുടക്കമായത്. പള്ളിക്കലാർ വന്നു പതിയ്ക്കുന്ന ചന്ത കായൽ, കന്നേറ്റി കായൽ, വട്ടക്കായൽ, ടി എസ് കനാൽ എന്നിവയാല്‍ നഗരസഭയുടെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം ജലാശയങ്ങളാൽ ചുറ്റപ്പെട്ടവയാണ്. ഇവയുടെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റിംഗ് റോഡ്, വിനോദസഞ്ചാരസാധ്യതകൾ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.

കരുനാഗപ്പള്ളി നഗരസഭ, റവന്യൂ, സർവേ വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്. കായൽ പുറമ്പോക്കും, പുറമ്പോക്ക് ഭൂമിയും പ്രത്യേകം സർവ്വേയിലൂടെ കണ്ടെത്തിയ ശേഷം കല്ലുകൾ സ്ഥാപിക്കുന്ന നടപടികളാണ് തുടങ്ങിയത്. കന്നേറ്റി പാലത്തിന് തെക്കുഭാഗത്തുനിന്നും ശനിയാഴ്ച രാവിലെ ആരംഭിച്ച സർവ്വേ നടപടികൾ തുടരുകയാണ്. പുറമ്പോക്കിൽ ആദ്യ കല്ല് സ്ഥാപിച്ച് നഗരസഭ ചെയർമാൻ കോട്ടയിൽരാജു നടപടികൾക്ക് തുടക്കം കുറിച്ചു.

നഗരസഭാ സെക്രട്ടറി എ ഫൈസൽ, തഹസിൽദാർ (എൽ ആർ) ആർ സുശീല, ഡെപ്യൂട്ടി തഹസിൽദാർ സാദത്ത്, വില്ലേജ് ഓഫീസർ എ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നതത്. കോടതി ഉത്തരവിൻ പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും സർവേയിലൂടെ കണ്ടെത്തുന്ന കയ്യേറ്റ ഭൂമി നഗരസഭാ വികസനവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സെക്രട്ടറി എ ഫൈസൽ എന്നിവർ പറഞ്ഞു.

Advertisement