വാർത്താനോട്ടം,

2023 ജൂൺ 17 ശനി

BREAKING NEWS

👉 മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൻ്റെ വിധി ഇന്ന്.

👉 ഒഡീഷയിൽ ട്രയിൻ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം 290 ആയി

👉 രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു

👉 അട്ടപ്പാടി പാലിയൂരിൽ കൂട്ടം തെറ്റിയ കാട്ടാന കൂട്ടിയെ കൂടെ കൂട്ടാതെ തള്ളയാന. വനം വകുപ്പിൻ്റെ താല്ക്കാലിക ഷെൽട്ടറിൽ തുടരുന്നു.

👉മലയോര മേഖലയിൽ ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചപ്പനി വ്യാപകം

👉 മണിപ്പൂർ കലാപം;കേന്ദ്ര ഇൻ്റലിജൻസിൻ്റ മുന്നറിയിപ്പ്; സുരക്ഷാ സേനകളുടെ വേഷം ധരിച്ച് അക്രമം അഴിച്ചുവിടാൻ സാധ്യത.

കേരളീയം

🙏ക്യൂബയിലെ പഞ്ചകര്‍മ്മ ആശുപത്രിയില്‍ സേവനം ചെയ്യുന്നവര്‍ക്കു കേരളം പഞ്ചകര്‍മ്മ ചികിത്സയില്‍ പരിശീലനം നല്‍കുന്നതടക്കം ആരോഗ്യ മേഖലയില്‍ സഹകരണത്തിനു ധാരണ. ക്യൂബന്‍ ആരോഗ്യ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ.

🙏വിദ്യാര്‍ത്ഥികളുടെ ഹാജരും പഠനപുരോഗതിയും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ അറിയിക്കുന്ന കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

🙏സിപിഎമ്മിനു മാധ്യമ വിരുദ്ധ നിലപാടെന്ന പ്രചാരണത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി നേരിടാന്‍ സിപിഎം തീരുമാനിച്ചു. താഴെത്തട്ടില്‍ സാമൂഹ്യ മാധ്യമ ഇടപെടല്‍ ശക്തമാക്കും. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

🙏കെഎസ്ആര്‍ടിസിക്ക് 41 അംഗ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു. തൊഴിലാളി സംഘടന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, ഗതാഗത വിദഗ്ധര്‍, മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ബോര്‍ഡിലുള്ളത്.

🙏അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമായിരിക്കും. തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുമെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു.

🙏ഇടുക്കി ജില്ലയ്ക്കരികിലേക്കു ട്രെയിന്‍ സര്‍വീസ്. ഇടുക്കി ജില്ലാ അതിര്‍ത്തിക്കടുത്ത ബോഡിനായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനമാകും.

🙏കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനീഷ് കോടിയേരിയുടെ ഹര്‍ജി ബെംഗളൂരു കോടതി തള്ളി. കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും.

🙏മദ്യപിച്ച് ഒരാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പോലീസുകാരനെ മര്‍ദിച്ചതിനു സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.

🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസിലെ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഷൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. കേസ് 20 നു പരിഗണിക്കും.

🙏അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ആനയെ എവിടേക്കു വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി പറഞ്ഞു.

🙏എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ ധാരണ. സിനഡ് തീരുമാനിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണം മാത്രമേ ബസിലിക്കയില്‍ അനുവദിക്കൂ. എന്നാല്‍ ജനാഭിമുഖ കുര്‍ബാനയേ അനുവദിക്കൂവെന്ന് പാരീഷ് കൗണ്‍സില്‍ നിലപാടെടുത്തിരിക്കുകയാണ്.

🙏കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ 48 കാരന്‍ മുഹമ്മദ് റാഫിയാണ് മരിച്ചത്.

🙏മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാറിന്റെ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്.

🙏കോഴിക്കോട് വടകരയില്‍ ഇടിമിന്നലില്‍ വീടിന്റെ ഭിത്തി തകര്‍ന്നു. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്.

🙏തര്‍ക്കത്തിനിടെ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ നേതാവ് കുഴഞ്ഞു വീണു മരിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി. സിന്ധുവിന്റെ ഭര്‍ത്താവും ഓട്ടോ തൊഴിലാളി യൂണിയന്‍ യൂണിറ്റ് നേതാവുമായ നെടുങ്ങോട്ടൂര്‍ കാപ്പില്‍ വീട്ടില്‍ പുഷ്പരാജനാണ് കുഴഞ്ഞു വീണു മരിച്ചത്.

🙏മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ മരിച്ചത്. ഒപ്പം താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🙏ഷാര്‍ജയില്‍ എന്‍ജിനീയറായ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വീട്ടിലെ കുളിമുറിയില്‍ മരിച്ചത്.

🙏പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്.

🙏കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതി കടലില്‍ ചാടി. താവക്കര സ്വദേശിനിയും ജ്വല്ലറി ജീവനക്കാരിയുമായ റോഷിതയാണ് കടലില്‍ ചാടിയത്. ആത്മഹത്യ ചെയ്യുകയാണെന്നു വാട്‌സ്ആപ് സ്റ്റാറ്റസില്‍ സൂചന നല്‍കിയ ശേഷമാണ് റോഷിത കടലില്‍ ചാടിയത്.

🙏മൂന്നാറില്‍ തോട്ടം തൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര്‍ ഡിവിഷനില്‍ രാജയുടെ മകന്‍ പാണ്ടിയാണ് മരിച്ചത്. മദ്യപാനിയായിരുന്ന പാണ്ടിയുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം ഭാര്യ ഗായത്രി വീടുവിട്ടു പോയിരുന്നു.

🙏കാസര്‍കോട് പാണത്തൂര്‍ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹസൈനാര്‍ എന്നയാളുടെ വീട് ഭാഗികമായി തകര്‍ന്നു.

🙏കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌ക്കന്റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു. പരിക്കുകളോടെ തിമിരി കുതിരംചാലിലെ കെകെ മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏തലശേരി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ച് മോഷ്ടിച്ചു വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവും ചങ്ങാതിയായ സേലം സ്വദേശി പെരുമെയുമാണു പിടിയിലായത്. ആക്രി പെറുക്കി ജീവിക്കുന്നവരാണ് ഇരുവരും.

🙏35 കേസുകളില്‍ പ്രതിയായ പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

🙏എറണാകുളം രവിപുരത്ത് ബെവ്കോ മദ്യശാലയില്‍ പെട്രോള്‍ ബോംബേറ്. മദ്യം വാങ്ങാനെത്തിയവര്‍ വഴക്കുണ്ടാക്കിയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🙏കട്ടപ്പനയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി താമസിച്ചിരുന്ന മുറിയില്‍നിന്നു മുപ്പതിനായിരം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരനായ വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നും പാന്‍ മസാലകള്‍ കണ്ടെത്തിയത്.

🙏ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പതിനഞ്ചര ഗ്രാം എംഡിഎംഎ യുമായി മൂന്നു പേര്‍ പിടിയില്‍. കോട്ടയം സ്വദേശി വിജയ് പ്രകാശ് (23) തൃശൂര്‍ സ്വദേശി ആദിത് (20), കൊല്ലം സ്വദേശി നിയാസ് (22) എന്നിവരാണ് പിടിയിലായത്.

🙏ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് പിന്നോക്ക വിഭാഗക്കാരിയെ പീഡിപ്പിച്ച ഷോളയൂര്‍ സ്വദേശി 55 കാരനായ അഗസ്റ്റിനെ ശിക്ഷിച്ചത്.

ദേശീയം

🙏ഒടുവില്‍ തമിഴ്നാട്ടില്‍ ഗവര്‍ണറുമായി
താത്കാലിക സന്ധി. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി. ബാലാജിയുടെ വൈദ്യുതി വകുപ്പ് മന്ത്രി തങ്കം
തെന്നരശനും എക്സൈസ് മുത്തുസ്വാമിക്കും കൈമാറാന്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി അനുമതി നല്‍കി. അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്നു നീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🙏തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നല്‍കി. ഇതോടെ ആശുപത്രിയില്‍ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും.

🙏സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനേയും ഭാര്യ നിര്‍മ്മലയെയും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ആദായ നികുതി വകുപ്പിനു പിന്നാലെയാണ് ഇഡിയും സമന്‍സ് അയച്ചത്. ഇതേസമയം, സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കി.

🙏ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍മാറിയത് ശക്തമായ സമ്മര്‍ദ്ദം താങ്ങാനാകാതെയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. പെണ്‍കുട്ടിയുടെ കുടുംബത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതും പരാതി പിന്‍വലിപ്പിച്ചതും. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

🙏ഗായകന്‍ മിഖാ സിംഗ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ചെന്ന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സമ്മതമില്ലാതെ മിഖാ സിംഗ് ബലമായി തന്റെ ജന്മദിന പാര്‍ട്ടിയില്‍ രാഖിയെ ചുംബിച്ചെന്നായിരുന്നു കേസ്. തന്റെ സമ്മതത്തോടെയാണ് മിഖാ സിംഗ് ചുംബിച്ചതെന്ന് രാഖി സാവന്ത് മുംബൈ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

അന്തർദേശീയം

🙏ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് താരം അല്‍ പാച്ചിനോ 83 ാം വയസില്‍ പിതാവായി. 29 കാരിയായ കാമുകിയും നിര്‍മ്മാതാവുമായ നൂര്‍ അല്‍ഫലായാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. റോമന്‍ പാച്ചിനോ എന്നാണ് പേരിട്ടത്. അല്‍ പാച്ചിനോയ്ക്കു മറ്റു രണ്ടു ബന്ധങ്ങളിലായി മൂന്നു കുട്ടികള്‍ വേറെയുണ്ട്.

🙏പറക്കുന്ന വിമാനത്തിന്റെ മുന്‍വശത്തിടിച്ചു ചില്ലു തകര്‍ന്ന് കോക്പിറ്റിനകത്തേക്കു പതിച്ച പക്ഷിയില്‍നിന്ന് ഇറ്റിറ്റുവീണ ചോരയില്‍ കുളിച്ച് പൈലറ്റ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് സംഭവം. പൈലറ്റ് മനസാന്നിദ്ധ്യം വിടാതെ വിമാനത്തെ ലാന്‍ഡ് ചെയ്യിച്ചു.

കായികം

🙏പ്രശസ്തമായ ആഷസ് ക്രിക്കറ്റ് പരമ്പരക്ക് തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 393 ന് 8 എന്ന നിലയില്‍ അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്തു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സെടുത്തിട്ടുണ്ട്. 118 റണ്‍സെടുത്ത മുന്‍ നായകന്‍ ജോ റൂട്ടിന്റെ മുപ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ് ആദ്യ ദിനത്തിന്റെ ഹൈലൈറ്റ്.

Advertisement