തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇടത് മുന്നണിക്ക് വൻ വിജയം, ഞെട്ടിച്ച് കേരളാ കോൺഗ്രസ് (എം)

കുന്നത്തൂർ: 1904-ാം നമ്പർ തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണ സമിതി തെരഞ്ഞടുപ്പിൽ ഇടത് മുന്നണിയിലെ സി പി എം, സി പി ഐ സ്ഥാനാർത്ഥികൾക്ക് വൻ വിജയം. വർഷങ്ങളായി ഇടത് മുന്നണിഭരണം കയ്യാളുന്ന ഇവിടെ കോൺഗ്രസും, ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇടത് മുന്നണിയിൽ സി പി എം, സി പി ഐ എന്നീ പാർട്ടികളുടെ സ്ഥാനാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഘടക കക്ഷികളെ പരിഗണിച്ചിരുന്നില്ല. ഒരു സീറ്റെങ്കിലും ഘടകകക്ഷി എന്ന നിലയിൽ തരണമെന്ന് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടെങ്കിലും സി പി എം സി പി ഐ നേതൃത്വങ്ങൾ വഴങ്ങിയില്ല. ഇതിൽ പ്രകോപിതരായ കേരളാ കോൺഗ്രസ് എം സ്വന്തം നിലയിൽ രണ്ട് സ്ഥാനാർത്ഥികളെ ജനറൽ മണ്ഡലത്തിൽ മത്സരിപ്പിച്ചു. ഇതിൽ ബി.അശ്വിനികുമാർ 149 വോട്ടുകൾ നേടി.ഇത് സി പി എം നും സി പി ഐയ്ക്കും വലിയ ആഘാതമായി. കേരളാ കോൺഗ്രസ്സിലെ രണ്ടാമത്തെ സ്ഥാനാർത്ഥിയായിരുന്ന ഡി.മോഹനൻ 96 വോട്ടുകൾ നേടി.
11 അംഗ ഭരണസമിതിയിൽ 5 അംഗങ്ങൾ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ മൂന്ന് പേർ സി പി ഐ ക്കാരും രണ്ട് പേർ സി പി എം കാരുമാണ്. ശേഷിച്ച 6 സീറ്റുകളിലേക്കായിരുന്നു മത്സരം. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ലങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടി വരുമായിരുന്നില്ല. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സി പി എം ൻ്റെ 4 പേരും സി പി ഐ യുടെ രണ്ട് അംഗങ്ങളും വിജയിച്ചു.3100 വോട്ടർമാരായിരുന്നു
ആകെ ഉണ്ടായിരുത്. ഇതിൽ 825 പേർ വോട്ട് രേഖപ്പെടുത്തി.മത്സരത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് സി പി എമ്മിലെ കെ.തമ്പാനാണ് ( 699 വോട്ട് ).

149 വോട്ടുകൾ നേടിയ ബി അശ്വിനികുമാർ സിപിഐയുടെ മുൻ കുന്നത്തൂർ ലോക്കൽ സെക്രട്ടറിയായിരുന്നു.നേതൃത്വവുമായുള്ള ഭിന്നത കാരണം പാർട്ടി വിട്ട അശ്വിനികുമാർ അടുത്തിടെയാണ് കേരളാ കോൺഗ്രസിൽ എത്തിയത്.
എന്തായാലും ഇടത് മുന്നണിയുടെ ഘടകകക്ഷി തന്നെ മുന്നണിക്കെതിരെ മത്സരിച്ചത് കുന്നത്തുരിൽ വരും നാളുകളിലും അലോരസത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.

Advertisement