കറാച്ചി ജയിലിൽ മരിച്ച മലയാളി മത്സ്യത്തൊഴിലാളിയെന്ന് പാകിസ്ഥാൻ; മൃതദേഹം ഏറ്റുവാങ്ങാൻ പ്രയാസമില്ലെന്ന് കുടുംബം

പാലക്കാട്: പാകിസ്ഥാനിലെ ജയിലിൽ പാലക്കാട് കപ്പൂർ സ്വദേശി മരണപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ. മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ലെന്ന് സഹോദരൻ പറഞ്ഞു.

കപ്പൂർ അബ്‍ദുൾ ഹമീദിൻറെ മകൻ സുൾഫിക്കർ (48) ആണ് മരിച്ചത്. സഹോദരന് ഐഎസ് ബന്ധമുണ്ടായിരുന്നുവെങ്കിൽ മൃതദേഹം സ്വീകരിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. പാകിസ്ഥാൻ ജയിലിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി എന്നാണ് പൊലീസിൽ നിന്ന് വിവരം ലഭിച്ചത്.

അതിനാൽ മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ല. നേരത്തെ ചില അന്വേഷണ ഏജൻസികൾ സുൾഫിക്കറെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും സഹോദരൻ പറഞ്ഞു. 2017 ലാണ് അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് സുൾഫിക്കറിൻറെ പിതാവ് അബ്‍ദുൾ ഹമീദ് പറഞ്ഞു. എവിടെയാണന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള ഒരു വിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും ഐബിയിൽ നിന്നും മുമ്പ് സുൾഫിക്കറിനെ അന്വേഷിച്ച് എത്തിയിരുന്നു. എൻഐഎ അന്വേഷിച്ച് വന്നിട്ടില്ലെന്നും അബ്‍ദുൾ ഹമീദ് പറഞ്ഞു. അതേസമയം, സർക്കാർ അറിയിച്ചിട്ടുള്ളത് മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ടിട്ടുള്ളതെന്നാണ്. അതുകൊണ്ട് മൃതദേഹം സ്വീകരിക്കുന്നതിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സഹോദരൻ വ്യക്തമാക്കി. ഇത്രയും കാലമായിട്ടും സുൾഫിക്കറിനെ കാണാതായി എന്നുള്ള വിവരം മാത്രമാണ് അറിഞ്ഞിട്ടുണ്ടായിരുന്നത്. ഐബി അടക്കം അന്വേഷിച്ചിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

എവിടെ പോയി എന്ന് പോലും സ്ഥിരീകരിക്കാൻ ഇത്രയും വർഷമായിട്ട് അവർക്ക് സാധിച്ചില്ലെന്നും സഹോദരൻ പറഞ്ഞു. നാളെയോ മറ്റന്നാളോ ആയി സുൾഫിക്കറിൻറെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന്കുടുംബം അറിയിച്ചു. നേരത്തെ, ഭാര്യക്കും മക്കൾക്കുമൊപ്പമാണ് സുൾഫിക്കർ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഭാര്യ സുൾഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Advertisement