നഴ്സായ ഭാര്യയെ കാണാൻ ലീവെടുത്ത് യു.കെയിൽ പോയി, തിരിച്ച് വന്നില്ല; പൊലീസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ: അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി തൊടുപുഴയിൽ ആണ് സംഭവം.

കരങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി പോയ ജിമ്മി പിന്നെ തിരികെ വന്നില്ല.

ദീർഘകാലത്തെ അവധിക്കു ശേഷവും സർവീസിൽ തിരികെ പ്രവേശിക്കാതിരുന്നതോടെയാണ് ഇയാൾക്കെതിരെ നടപടി എടുത്തത്. ഭാര്യയുടെ അടുത്തേക്ക് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയായിരുന്നു ജിമ്മി എടുത്തത്. 2022 ജനുവരി 16ന് ജിമ്മി അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, ഇയാൾ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. ഇതോടെ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിക്കുകയായിരുന്നു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടിനെത്തുടർന്നാണ് ഇയാളെ പിരിച്ച് വിടാൻ തീരുമാനിച്ചത്.

Advertisement