വെല്ലുവിളി നടത്തിയ പങ്കാളിയായ പൊലീസുകാരനെ ചുട്ടുകൊന്ന് യുവതി

Advertisement

ബെംഗളൂരു: കർണ്മാടകയിൽ വാക്കേറ്റത്തിനിടെ പങ്കാളിയായ യുവതിയെ വെല്ലുവിളിച്ച പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ബാസവനഗുഡിയിലാണ് സംഭവം.

സഞ്ജയ് എന്ന പൊലീസ് കോൺസ്റ്റബിളാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഇയാളുടെ പങ്കാളിയായിരുന്ന റാണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നടന്ന തർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്. രണ്ട് കുട്ടികളുള്ള റാണിയും സഞ്ജയും നേരത്തെ ഒരേ പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്.

റാണി ബാസവനഗുഡി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുക്കുന്നത്. പിന്നീട് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിക്കായി ഹോം ഗാർഡ് ജോലി റാണി ഉപേക്ഷിച്ചിരുന്നു. ഡിസംബർ ആറാം തീയതി റാണിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. റാണിയുടെ വീട്ടിൽ വച്ച് നടന്ന തർക്കത്തിനിടെ സഞ്ജയിനെ തീ കൊളുത്തി കൊല്ലുമെന്ന് റാണി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റാണിയുടെ വീട്ടിൽ നിന്ന് പുറത്ത് പോയ സഞ്ജയ് പെട്രോൾ വാങ്ങി മടങ്ങിയെത്തി യുവതിയെ വെല്ലുവിളിക്കുകയായിരുന്നു.

പെട്രോൾ വാങ്ങി, നീ കത്തിക്കുന്നില്ലേ എന്ന് സഞ്ജയ് വെല്ലുവിളിച്ചു. ഇതോടെ യുവതി പൊലീസുകാരന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ അബദ്ധം മനസിലായ റാണി ഉടനെ തന്നെ വെള്ളം കോരിയൊഴിച്ച് തീ അണച്ചു. ശേഷം പൊള്ളലേറ്റ സഞ്ജയിനെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇന്നലെയാണ് സഞ്ജയ് മരിച്ചത്.

ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അബദ്ധത്തിൽ തീ പടർന്നതാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ പൊലീസുകാരൻറെ മരണ മൊഴിയിലാണ് സംഭവിച്ചത് എന്താണെന്ന് പുറത്തറിയുന്നത്. റാണി മനപൂർവ്വം തീകൊളുത്തിയതാണെന്നാണ് സഞ്ജയ് ആരോപിക്കുന്നത്. ഇയാൾക്ക് വേറെ കുടുംബമുണ്ട്. സംഭവത്തിൽ പുത്തനഹള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement