നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ചാത്തന്നൂർ: നിയന്ത്രണം വിട്ട കാർ കാൽനടക്കാരെ ഇടിച്ചതിന് ശേഷം കടയിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്ക് പരിക്ക്. കാൽനട യാത്രക്കാരായ ചെറിയ വെളിനല്ലൂർ കുണ്ടറമുക്ക് റോഡ് വിള വീട്ടിൽ ബീന (50), കുണ്ടറമുക്ക് രാഖി വിലാസത്തിൽ നിർമ്മല (50), കാർ ഡ്രൈവർ പൂതക്കുളം സ്വദേശിനി നന്ദനത്തിൽ സുഗിത (50)     

എന്നിവർക്കാണ് പരിക്കേറ്റത്.  കാറിനുള്ളിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല. ഇന്നലെ ഉച്ചയക്ക് ഒന്നരയോടെ ചാത്തന്നൂർ – പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് അപകടം ഉണ്ടായത്. പരവൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് മറുഭാഗത്തു കൂടി

തിരുമുക്ക് ഭാഗത്തേക്ക് നടന്ന് പോയ കാൽനടയാത്രക്കാരെ ഇടിച്ചതിന് ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് കേസെടുത്തു.

Advertisement