ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലേക്ക് മാറുമ്പോൾ ഇതു കൂടി ശ്രദ്ധിക്കാതെ പോകരുത്

തിരുവനന്തപുരം .സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലേക്ക് മാറുകയാണ്. ഗവൺമെൻ്റ് സെക്രട്ടറിയേറ്റിലും ഒട്ടു മിക്ക വകുപ്പുകളുടെയും ആസ്ഥാന ഓഫീസുകളിലും പഞ്ചിംഗ് സംവിംധാനം നിലവിൽ വന്ന് കഴിഞ്ഞു. പൊതു ജനങ്ങൾക്ക് സേവനം ഉറപ്പാക്കുന്നതിൽ ഓഫീസുകളിലെ സമയ കൃത്യതക്ക് വലിയ പ്രാധാന്യം തന്നെ ഉണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക വകുപ്പുകളുടെയും ഹെഡ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. അതിനാൽ തന്നെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സർക്കാർ ജീവനക്കാരിൽ 20% ത്തിൽ അധികം പേരും ജോലി ചെയ്യുന്നത് തലസ്ഥാനത്താണ്. അതായത് സംസ്ഥാനത്തെ 5.57 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരിൽ 1.12 ലക്ഷം പേരുടെയും ജോലി തലസ്ഥാന നഗരത്തിലാണ്.


എന്നാൽ തിരുവന്തപുരം ജില്ലയിലും സമീപ ജില്ലകളിലും മറ്റും വസിക്കുന്ന ഈ ജീവനക്കാർ രാവിലെ ഓഫീസുകളിൽ എത്തുന്നതിനിടക്ക് ട്രയിനും, ബസ്സും, സിറ്റിയിലെ ഗതാഗതക്കുരുക്കും,സിഗ്നലുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എത്ര നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയാലും ശരി, ഇതിനെയെല്ലാം അതിജീവിച്ച് കൃത്യ സമയത്ത് തിരുവനന്തപുരത്തുള്ള ഓഫീസുകളിൽ സമയത്ത് എത്താൻ സാധിക്കുന്നവർ വലിയ ഭാഗ്യശാലി തന്നെയായിരിക്കും. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നും ദിനംപ്രതി ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പൊതുജനങ്ങളും അടക്കം ലക്ഷക്കണക്കിന് ആളുകളാണ് രാവിലെ ട്രയിൻ മാർഗ്ഗം തിരുവനന്തപുരത്ത് എത്തുന്നത്. ഇവരിൽ നല്ലൊരു ശതമാനം ആളുകളും ഇറങ്ങുന്നത് തിരുവനന്തപുരം എത്തുന്നതിന് തൊട്ട് മുമ്പുള്ള പേട്ട എന്ന ചെറിയ റെയിൽവേ സ്റ്റേഷനിൽ ആണ്. മെഡിക്കൽ കോളേജ്, ആര്‍സിസി, കിംസ്, ശ്രീചിത്ര എന്നീ ആസ്പത്രികളിലും സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്, പിഎസ് സി, ട്രഷറി, പോലീസ്, കെഎസ്ഇബി,എല്‍ഐസി, പോലീസ് ടെലകമ്മ്യൂണിക്കേഷൻ, ക്ഷീര വികസനം, മിൽമ, ലീഗൽ മെട്രോളജി, മൈനിംഗ് & ജിയോജജി, കുടുംബശ്രീ, ശാസ്ത്ര ഭവൻ, നാറ്റ്പാക്,സിബിഎസ്ഇ, ജില്ലാ പഞ്ചായത്ത് തുടങ്ങി നിരവധി വകുപ്പുകളുടെ ആസ്ഥാന ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് പട്ടത്താണ്.

പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും 10 മിനിറ്റ് കൊണ്ട് പട്ടത്ത് എത്താനാകും. ഈ ഭാഗത്തേക്ക് ബസ്സ് സൗകര്യം ഇല്ലാത്തതിനാൽ ആവശ്യക്കാർ പലരും വലിയ ഓട്ടോ ചാർജ്ജ് നൽകിയാണ് പട്ടം ഭാഗത്തേക്ക് പോകുന്നത്. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ പേട്ടയിൽ ഇറങ്ങാതെ പലരും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി ബസ്സിൽ പട്ടത്തെത്തുമ്പോൾ ഒരു മണിക്കൂറാണ് നഷ്ടമാവുന്നത്. ഐഎംജി, വികാസ് ഭവൻ, പബ്ളിക് ഓഫീസ്, സെൻട്രൽ ലൈബ്രറി,വാട്ടർ അതോറിറ്റി, സെക്രട്ടറിയേറ്റ്, കേരളാ യൂണിവേഴ്സിറ്റി, തുടങ്ങി തിരുവനന്തപുരത്തെ ഒട്ടുമിക്ക ഓഫീസുകളിലേക്കും വേഗത്തിൽ പേട്ട സ്റ്റേഷനിൽ ഇറങ്ങിയാൽ എത്തിച്ചേരാനാകും. ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മ ആയ ഫ്രണ്ട്സ് ഓൺ റെയിൽസ്(FoR) അടക്കമുള്ളവർ ഇതെല്ലാം പല തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല എന്നതൊരു യാഥാർത്ഥ്യമാണ്.




രാവിലെ 9 നും 10 നും ഇടയിലുള്ള ഒരു മണിക്കൂറിനുള്ളിൽ വടക്ക് നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന അഞ്ച് ട്രയിനുകളാണ് പേട്ട റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നത്. പതിനായിരകണക്കിന് ആളുകളാണ് പത്തും ഇരുപതും ബോഗികളുള്ള ഓരോ ട്രയിനുകളിൽ നിന്നും രാവിലെ പേട്ടയിൽ വന്നിറങ്ങുന്നത്. കെഎസ്ആര്‍ടിസി ക്ക് പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പട്ടം, കേശവദാസപുരം, സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് രാവിലെയുള്ള ട്രയിൻ സമയം കണക്കാക്കി ബസ്സുകൾ ഓപ്പറേറ്റ് ചെയ്താൽ തന്നെ ലക്ഷക്കണക്കിന് രൂപയാണ് കിട്ടുക. സ്ഥലസൗകര്യം ആവശ്യത്തിനുള്ള പേട്ട സ്റ്റേഷനിൽ നിന്നും ബസ്സ് സൗകര്യം ഉറപ്പാക്കാൻ കെഎസ്ആര്‍ടിസി ക്ക് സാധിച്ചാൽ കൂടുതൽ യാത്രക്കാർ പേട്ട സ്റ്റേഷനിൽ ഇറങ്ങുകയും പൊതു ജനത്തിന് അത് വലിയൊരു ആശ്വാസവുമായിരിക്കും. കോവിഡിന് മുന്നേ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പിഎസ് സി ഓഫീസ്, സിവിൽ സ്റ്റേഷൻ എന്നിവടങ്ങളിൽ കെഎസ്ആര്‍ടിസി നടത്തിയിരുന്ന സർവ്വീസിൽ, 100ൽ അധികം യാത്രക്കാരാണ് രാവിലെ യാത്ര ചെയ്തിരുന്നത്. ആ സ്പെഷ്യൽ സർവ്വീസുകൾ ഇപ്പോൾ ആവശ്യത്തിന് ബസ്സില്ല എന്ന ഒറ്റ പേരിൽ കെഎസ്ആര്‍ടിസി നിർത്തലാക്കുകയുണ്ടായി. ലോബികളുടെ സാന്നിധ്യം ഇതിന് പിന്നിലുണ്ടെന്നാണ് പൊതു ജന ഭാഷ്യം.

അതേപോലെ തിരുവനന്തപുരത്ത് നിന്നും വൈകിട്ട് കൊല്ലം, കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ട്രയിനുകൾക്ക് പേട്ടയിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചാൽ വൈകുന്നേരങ്ങളിൽ ഗതാഗത കുരുക്കിനാൽ വീർപ്പ് മുട്ടുന്ന നഗരത്തിന് ഒരാശ്വാസം മാത്രമല്ല കെഎസ്ആര്‍ടിസി ക്ക് സ്ഥിരമായൊരു വരുമാന സാധ്യതയുമാണ്. റെയിൽവേ- കെഎസ്ആര്‍ടിസി എന്നിവയുടെ ഏകോപന സാധ്യതകൾ സർക്കാർ മുൻകൈ എടുത്ത് ചെയ്യേണ്ടത് തന്നെയാണ്. പല റൂട്ടുകളിലും കാലിയായി ബസ്സുകൾ ഓടിക്കുന്ന കെഎസ്ആര്‍ടിസി യും ആർക്കോ വേണ്ടി ട്രയിനുകൾ ഓടിക്കുന്ന ഇന്ത്യൻ റെയിൽവേയും ഇതൊന്നും കണ്ടിട്ടും കാണാതെ രാവിലെ മുതൽ വൈകിട്ട് വരെ തേരാപാരാ സർവ്വീസുകൾ നടത്തുകയാണ് .

ഉദ്യോഗസ്ഥരെ ഓഫീസുകളില്‍ സമയത്ത് എത്തിക്കാനുള്ള സൗഹാര്‍ദ്ദപരമായ പരിഷ്കാരങ്ങളാണ് തലസ്ഥാനത്തിന്‍റെ ആവശ്യം. വൈരാഗ്യബുദ്ധിയോടെ കൃത്യതക്കുവേണ്ടിയുള്ള പരിഷ്കാരം ഭാവിയില്‍ പരാജയപ്പെടുകയോ കുബുദ്ധികള്‍ പരാജയപ്പെടുത്തുകയോ ആവും ഫലം

Advertisement