അകന്നു പോയവരെയും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാത്തവരെയും ഒപ്പം നിര്‍ത്തണം: എ.കെ.ആന്‍റണി

തിരുവനന്തപുരം: വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസില്‍നിന്ന് അകന്നു പോയവരെയും മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും ഒപ്പം നിര്‍ത്തണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് ജോഡോ യാത്രയില്‍നിന്ന് അകലം പാലിച്ചവരും ഭാവിയില്‍ ഒപ്പം ചേരുമെന്നാണു പ്രതീക്ഷ. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വളര്‍ത്തി അധികാരം നിലനിര്‍ത്താനാണു നരേന്ദ്ര മോദി ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ ഐക്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണു രാഹുല്‍ യാത്ര നടത്തിയത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം പകര്‍ന്ന്, അവരില്‍ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്.

വര്‍ഗീയ ശക്തികളെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍നിന്നു തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് യാത്രയുടെ സമാപനം. അതു പൂര്‍ത്തിയാക്കുമ്പോഴാണു ലക്ഷ്യം പൂര്‍ണമായി വിജയിക്കുന്നത്. വിശാല ജനാധിപത്യ ഐക്യത്തിനാണു ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. അഹിംസാ മാര്‍ഗത്തിലൂടെ ബ്രിട്ടിഷുകാരിൽനിന്നു മോചനം നേടിത്തന്ന മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയതു കൊണ്ടാണു ഗാന്ധിജിയെ മതഭ്രാന്തന്‍ വെടിവച്ച് കൊന്നതെന്നും ആന്‍റണി പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍നിന്നു വിട്ടുനിന്ന സിപിഎം നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തു ഫാഷിസത്തിന് എതിരായ സിപിഎമ്മിന്‍റെ പോരാട്ടത്തില്‍ ആത്മാർഥത ഉണ്ടായിരുന്നെങ്കില്‍ യാത്രയില്‍ പങ്കെടുക്കാന്‍ സിപിഎം തയാറാകണമായിരുന്നു. ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസിന്‍റെ കൈപിടിക്കുന്ന സിപിഎം ദേശീയ നേതൃത്വത്തിനു ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത് കേരളാഘടകത്തിന്‍റെ എതിര്‍പ്പ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ രാജ്യത്തു തീര്‍ത്ത മതിലുകള്‍ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു കഴിഞ്ഞെന്നും സിപിഎമ്മിന്‍റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം വെറും അധരവ്യായാമം മാത്രമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ സ്വാഗതവും ഡിസിസി പ്രസിഡന്‍റ് പാലോട് രവി നന്ദിയും പറഞ്ഞു.

Advertisement