അനിൽ ആന്റണി ചെയ്തത് തെറ്റ്; പക്ഷേ കുഴിയാനയെന്ന് വിളിക്കാൻ ഞാനില്ല: ശബരീനാഥൻ

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആളു തന്നെയായിരുന്നു എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ. അനിൽ പാർട്ടി വിട്ടത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനിൽ ആന്റണിയെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ വിളിക്കാൻ താനാളല്ലെന്നും ശബരീനാഥൻ പറഞ്ഞു.

‘‘അനിൽ ആന്റണിക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിൽ മാറി നിൽക്കാമായിരുന്നു. എനിക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എതിരഭിപ്രായമുള്ള കാര്യങ്ങളെ അദ്ദേഹത്തിന് വിമർശിക്കാമായിരുന്നു. പാർട്ടിക്കകത്തു നിന്നോ പുറത്ത് സ്വതന്ത്രമായി നിന്നോ വിമർശിക്കാമായിരുന്നു. പക്ഷേ അനിൽ പാർട്ടി വിടാൻ പാടില്ലായിരുന്നു. അദ്ദേഹം നൂറു ശതമാനം കോൺഗ്രസിനുള്ളിൽത്തന്നെ നിൽക്കേണ്ടതായിരുന്നു’ – ശബരീനാഥൻ പറഞ്ഞു.

അനിലിനെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാൻ താനാളല്ലെന്നു പറഞ്ഞ ശബരീനാഥൻ, എല്ലാവർക്കും ഒരു സ്പെയ്സുണ്ടെന്നും ചൂണ്ടിക്കാട്ടി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ശബരീനാഥന്റെ പ്രതികരണം.

Advertisement