‘സജി ചെറിയാന്റെ മന്ത്രിസ്ഥാനം: തീരുമാനം ഉണ്ടാകും; ലീഗ് വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്കു തിരിച്ചുവരുമെന്നു സൂചനകൾ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി. പാർട്ടി നിലപാടെടുക്കുന്നതോടെ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്കു തിരിച്ചു വരുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

നിലവിൽ സജി ചെറിയാനു കോടതിയിൽ കേസില്ല. വിവാദമുണ്ടായപ്പോൾ പാർട്ടി നിലപാട് എടുത്തതു കൊണ്ടാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. പാർട്ടി പുതിയ നിലപാട് എടുക്കുന്നതോടെ തീരുമാനം ഉണ്ടാകും. സജി ചെറിയാനെതിരെ കേസ് ഉള്ളതു കൊണ്ടുമാത്രമല്ല ധാർമികതയും പരിഗണിച്ചാണ് പാർട്ടി നിലപാട് എടുത്തത്. കോടതി വിധി ഇല്ലായിരുന്നിട്ടും സജി ചെറിയാൻ മന്ത്രി സ്ഥാനത്തുനിന്ന് മാറി. അദ്ദേഹത്തിന്റെ കാര്യത്തിൽ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാർട്ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമർശിച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്ന ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

വിജ്ഞാന സമൂഹത്തെ തകർത്ത് കാവിവൽക്കരണത്തിലേക്കു നയിക്കാൻ ഗവർണറെ ഉപയോഗിക്കുന്നതായി എം.വി.ഗോവിന്ദൻ ആരോപിച്ചു. ഈ നീക്കം കേരള രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിച്ചു. ഗവർണർക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. ഗവർണർ വിഷയത്തിൽ ലീഗാണ് ശരിയായ നിലപാടെടുത്തത്. ലീഗിന്റെ നിലപാടിലേക്കു കോൺഗ്രസിന് എത്തേണ്ടിവന്നു. സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതിനെ എതിർക്കുന്നില്ല എന്നു പ്രതിപക്ഷം നിലപാടെടുത്തു. സർക്കാർ ഗവർണർക്കെതിരെ എടുത്ത സമീപനത്തിനു പിന്തുണയുമായി കൂടുതൽപേർ വരികയാണ്.

ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും അവർ വർഗീയ പാർട്ടിയാണെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐയാണു വർഗീയ രീതിയിൽ പ്രവർത്തിക്കുന്നത്. അവരോടു സഹകരിക്കുമ്പോൾ വിമർശിക്കേണ്ടിവരും. മുസ്‌ലിം ലീഗുമായി സിപിഎം മുൻപും സഹകരിച്ചിട്ടുണ്ട്. സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൽ ലീഗ് ഭാഗമായിരുന്നു. ലീഗ് എൽഡിഎഫിലേക്കു വരുമോയെന്ന ചോദ്യത്തിന് അതിൽ മൂർത്തമായ സമയത്തുമാത്രമേ മറുപടി പറയാൻ കഴിയൂ എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വർഗീയ്ക്കെതിരെ നിലകൊള്ളുന്ന ആരുമായും ദേശീയതലത്തിൽ ബന്ധം സ്ഥാപിക്കാൻ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement