മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം പകർത്താൻ ചെലവ് 7 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടുകയാണ്. യൂറോപ്യൻ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വൻതുകയാണ് വകയിരുത്തിയിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്.

ഇതിനായി മൂന്ന് ഇതിനായി ഏജൻസികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാൻ ആളെ വയ്ക്കുന്നത്.

ഒക്ടോബർ രണ്ടു മുതൽ നാലു വരെ ഫിൻലൻഡിലും അഞ്ചു മുതൽ ഏഴു വരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത്. സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാനായി ഏജൻസിയെ കണ്ടെത്തിയത്. വീഡിയോ കവറേജിൻറെ ചെലവുകൾ പ്രസ് ഫെസിലിറ്റിസ് എന്ന പേരിട്ടാണ് വകമാറ്റുക. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പി ആർ ഡി യിൽ നിന്നാണ് ഉത്തരവിറങ്ങിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്.

ഫിൻലൻഡിൽ മുഖ്യമന്ത്രിയുടെയും സംഘത്തിൻറെ വീഡിയോ , ഫോട്ടോ കവറേജ് ചെയ്യുന്നത് സുബഹം കേശ്രീ എന്നയാളാണ്. ഇതിനായി 3200 യൂറോ (2,54, 224 രൂപ)ആണ് നൽകുക. നോർവേയിൽ മൻദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോർവീജിയൻ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാൾക്ക് ലഭിക്കുന്നത്. യു.കെ യിൽ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക. വീഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ഈ മൂന്നുപേരും നൽകിയ ക്വട്ടേഷൻ സർക്കാർ അംഗീകരിച്ചു.

ഒക്ടോബർ രണ്ടു മുതൽ നാലു വരെ ഫിൻലൻഡിലും അഞ്ചു മുതൽ ഏഴു വരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ഡൽഹിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തുടർന്ന് നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് വീഡിയോ ചിത്രീകരിക്കാനായി ലക്ഷങ്ങൾ ചെലവാക്കുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിൽ 15 തവണ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തിയപ്പോഴും, 85 തവണ മന്ത്രിമാർ വിദേശ യാത്ര നടത്തിയപ്പോഴും വീഡിയോ, ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു.

Advertisement