ഗവര്‍ണര്‍ക്ക് നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്ന കെ കെ രാഗേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഗവര്‍ണര്‍ പോരില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പുറത്ത് വിട്ടത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, തന്നെ അക്രമിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പുറത്ത് വിട്ടത്. കെ കെ രാഗേഷാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണൂര്‍ ശാസ്ത്ര കോണ്‍ഗ്രസിനിടെ ആയിരുന്നു സംഭവം. പൊലീസിനോട് ഇടപെടേണ്ടെന്ന് നിര്‍ദ്ദേശിക്കുകയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം. തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ അറസ്റ്റ് തടഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂർ ചരിത്ര കോൺ​ഗ്രസിൽ തനിക്കെതിരെ നടന്നത് വധശ്രമമാണ്.ജാമിയ, ജെഎൻയു, അലി​ഗഡ് തുടങ്ങിയിടത്ത് നിന്നുള്ളവരാണ് തനിക്കെതിരെ പ്രതിഷേധമുയർത്തിയതെന്നും അവർ കേരളീയരല്ലെന്നും ​ഗവർണർ പറഞ്ഞു.

ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവർണർ പുറത്തുവിട്ടത്. രാജ്ഭവൻ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സർക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോൺഗ്രസിൽ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു. ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവർണർ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതിൽ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാറിലുള്ള ഉന്നതനെന്നും ഗവർണർ ആരോപിച്ചു.

പ്രതിഷേധം പെട്ടെന്ന് ഉണ്ടായവരല്ല, രാ​ഗേഷ് ഉടൻ തന്നെ വേദി വിടുകയും ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം വേദിയിൽ നിന്ന് പെട്ടെന്ന് പോയത്.അന്നത്തെ പ്രവൃത്തിക്കുള്ള പ്രതിഫലമാകാം ഇപ്പോളത്തെ സ്ഥാനമാനങ്ങളെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. എകെജി സെന്റർ സെക്രട്ടറി ബിജു കണ്ടെക്കയും ദൃശ്യങ്ങളിൽ ഉണ്ട്. എങ്ങനെ പെട്ടെന്ന് പ്ലക്കാർഡുകൾ വന്നെന്നും ​ഗവർണർ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകളും പുറത്ത് വിട്ടു.കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ നിയമത്തിൽ മുഖ്യമന്ത്രി തന്നോട് ശുപാർശ നടത്തി.വിസി പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബർ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിക്കുന്നു. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവർണർ വിശദീകരിക്കുന്നു.

സര്‍ക്കാരും പിആര്‍ഡിയും മാധ്യമങ്ങളും നല്‍കിയ ദൃശ്യങ്ങളാണ് അദ്ദേഹം പുറത്ത് വിട്ടത്.

വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

രാജ്ഭവനില്‍ കൂറ്റന്‍ സ്‌ക്രീനുകളടക്കം വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്ത് വിടുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ അറിയിച്ചിരുന്നു.

Advertisement