വാര്‍ത്താസമ്മേളനത്തിനിടെ കരച്ചിലിന്റെ വക്കോളമെത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍

Advertisement

വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ പലരും വ്യാജ വാര്‍ത്ത നല്‍കുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. പിറന്നാള്‍ ദിനത്തില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തിനിടെ കരച്ചിലിന്റെ വക്കോളമെത്തിയാണ് ശോഭാ സുരേന്ദ്രന്‍ സംസാരിച്ചത്.
ജില്ലാ നേതൃത്വത്തിന് തന്നെ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ തന്നെ തകര്‍ക്കാനായാണ് കൊടുക്കുന്നതെന്നും ഇനിയും ഇങ്ങനെയുണ്ടായാല്‍ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയത്. ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ തോല്‍പ്പിക്കാനായി ഒരു ചാനലും അതിന്റെ മുതലാളിയും വ്യാജവാര്‍ത്ത നല്‍കുന്നതായും ശോഭ പറഞ്ഞു.
ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം. താന്‍ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനല്‍ സര്‍വേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രന്‍ അറിയിച്ചു.

Advertisement