ഗവര്‍ണര്‍ക്ക് തിരിച്ചടി,ലോകായുക്ത നിയമഭേദഗതിബില്ലിനു രാഷ്ട്രപതിയുടെ അനുമതി

തിരുവനന്തപുരം. സർക്കാർ – ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനിടെ ലോകായുക്ത നിയമഭേദഗതി
ബില്ലിനു രാഷ്ട്രപതി അനുമതി നൽകിയത് സർക്കാരിന് നേട്ടമായി.ലോകായുക്ത വിധി മന്ത്രിമാര്‍ക്കെതിരാണെങ്കിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ നിയമസഭയ്ക്കും അപ്പീൽ പരിഗണിക്കാമെന്നതാണ് ഭേദഗതി.
ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവർണറുടെ വാദം.


2022 ഓഗസ്റ്റിലാണു നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഭേദഗതിയെന്ന് അന്നേ വിമർശനം ഉയർന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് പരിഗണിക്കുന്നതിനാലാണ്
ഭേദഗതിയെന്നും ആക്ഷേപം ഉയർന്നിരുന്നു.
നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവർണറുടെ വാദം. തുടർന്നു ബില്ലിൽ ഒപ്പിടാതെ ഗവർണർ നീട്ടിക്കൊണ്ടുപോയി.സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി രൂക്ഷവിമർശനം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണു ഏഴ് ബില്ലുകള്‍ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ടത്.ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്.ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും.മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി.മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി.രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.രാഷ്‌ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും.

Advertisement