20-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധം; ഓരോ സ്വദേശിയുടെയും കുറവിന് 19 ലക്ഷം രൂപ വീതം പിഴ

Advertisement

അബുദാബി: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ഇതിനകം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ച് പിഴയിൽനിന്ന് ഒഴിവാകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.

നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഇതു ആറു മാസത്തിനിടെ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം പൂർത്തിയാക്കിയാൽ മതി. 2024 മുതൽ ഇരുപതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കി. റിക്രൂട്ടിങ്ങിനു പ്രയാസം നേരിടുന്ന കമ്പനികൾക്ക് നാഫിസ് പ്ലാറ്റ്ഫോമിന്റെ സഹായം തേടാമെന്നും മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്തെ 18,000 കമ്പനികൾ സ്വദേശിവൽക്കരണം പൂർത്തിയാക്കി. ഇതോടെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 84,000 ആയി വർധിച്ചു. ഇതിൽ 54,000 പേരും രണ്ട് വർഷത്തിനിടെ ജോലിയിൽ പ്രവേശിച്ചവരാണ്. സ്വദേശിവൽക്കരണം ഉറപ്പാക്കാൻ പരിശോധനയും ശക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

വിദ്യാഭ്യാസം, താമസം, ഭക്ഷ്യ സേവനം, ധനകാര്യം, ഇൻഷുറൻസ്, നിർമാണം, മലിനജലം, മാലിന്യ സംസ്കരണം, ഖനനം, ക്വാറി, കൃഷി, വനം, മത്സ്യബന്ധനം, ആരോഗ്യം, സാമൂഹിക പ്രവർത്തനം, ആശയവിനിമയം, വൈദ്യുതി വിതരണം, ഗ്യാസ്, എയർ കണ്ടീഷനിങ്, കല, വിനോദം, പ്രതിരോധം, റിയൽ എസ്റ്റേറ്റ്, ഉൽപാദനം, മൊത്ത–ചില്ലറ വ്യാപാരം, ഗതാഗതം, വെയർഹൗസിങ്, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സേവന പ്രവർത്തനങ്ങൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലാ കമ്പനികളിലെ ജോലി സാധ്യതകൾ നാഫിസ് പോർട്ടലിൽ (www.nafis.gov.ae) രേഖപ്പെടുത്തി സ്വദേശികൾക്ക് അവസരം നൽകണമെന്നാണ് നിർദേശം.

ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നാഫിസ് നൽകി പൗരന്മാരെ ജോലിക്കു പ്രാപ്തരാക്കും. നിയമം പാലിക്കാത്ത കമ്പനികൾ ഓരോ സ്വദേശിയുടെയും കുറവിന് ഏകദേശം 19 ലക്ഷം രൂപ വീതം വാർഷിക പിഴ അടയ്ക്കേണ്ടി വരും. ഇതേസമയം നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് മന്ത്രാലയ സേവന ഫീസിൽ 80% വരെ ഇളവു നൽകുന്നുണ്ട്.