എല്ലാ പ്രദേശങ്ങളിലും കർശന പരിശോധന; ഏഴ് ദിവസത്തിനകം 9,777 പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയ മനടപടി നേരിട്ട 9,777 വിദേശികളെ നാടുകടത്തിയെന്ന് അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറ് വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേർക്കെതിരായ നടപടി ഉണ്ടായത്. ഇതേ കാലയളവിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 16,250ഓളം വിദേശികളെ ഇതേ നിയമ ലംഘനങ്ങൾക്ക് പുതിയതായി പിടികൂടിയിട്ടുണ്ടെന്നും സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ പിടിയിലായ 16,250 പേരിൽ 9,343 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,555 പേരും തൊഴിൽ നിയമ ലംഘകരായ 2,352 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 785 പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരിൽ 62 ശതമാനം പേർ യമനികളും 27 ശതമാനം പേർ എത്യോപ്യക്കാരും 11 ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്.

18 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകർക്ക് അഭയം നൽകുകയും ചെയ്തുവന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്.

42,269 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 35,045 പുരുഷന്മാരും 7,224 സ്ത്രീകളുമാണ്. ഇതിൽ 36,316 പേരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 2,004 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു.

സൗദി അറേബ്യയിലെ ഇത്തരം തൊഴിൽ, താമസ, അതിർത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ഇങ്ങനെ പിടിക്കപ്പെട്ടാൽ കിട്ടുന്ന ശിക്ഷ. മാത്രമല്ല, വാഹനങ്ങളും താമസ സൗകര്യം ഒരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

Advertisement