ഒമാൻ കേരള സെക്ടറിൽ വിമാന നിരക്കിൽ കുറവ്

മസ്‌കത്ത്: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയെങ്കിലും ഒമാൻ-കേരള സെക്ടറുകളിൽ പതിവിന് വിപരീതമായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാന കമ്പനികൾ. വിമാന ടിക്കറ്റിന് ഇത്തവണ മാനം മുട്ടെ നിരക്കില്ല. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഒമാൻ എയർ ഉൾപ്പെടെ വിമാനങ്ങളിൽ നിരക്കുകൾ കുറവാണ്.

മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. നാല് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയർന്നിരുന്ന റമസാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ ചില സെക്ടറുകളിൽ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.

എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്തിൽ നിന്നും കോഴിക്കോട്ടേക്ക് ഏപ്രിൽ 18 വരെ 37 റിയാലിന് ടിക്കറ്റുകൾ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളായ ഏപ്രിൽ 19, 20, ദിവസങ്ങളിലും 54 റിയാലണ് ടിക്കറ്റ് നിരക്ക്. 21 മുതൽ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും. മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ ഏപ്രിൽ 17ന് 35 റിയാൽ ആണ് ടിക്കറ്റിന് ചെലവ് വരുന്നത്. 19ന് 64 റിയാലാണ്. കൊച്ചിയിലേക്ക് ഏപ്രിൽ 18 വരെ 42 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. ഏപ്രിൽ 19ന് 71ഉം 20ന് 81 റിയാലുമാണ് നിരക്ക്. തിരുവനന്തപുരം സെക്ടറിൽ ഏപ്രിൽ 18 വരെ 42 റിയാലിൽ താഴെയാണ് നിരക്ക്. തുടർന്നുള്ള ദിവസങ്ങളിലും 71 മുതൽ 81 റിയാൽ വരെ മാത്രമാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും. മുൻ വർഷങ്ങളിൽ ഇതേ ദിവസങ്ങളിൽ 150 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കുകൾ.

അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവർ കുറവാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. പെരുന്നാൾ അവധി കുറഞ്ഞതും സ്‌കൂൾ പുതിയ അധ്യായന വർഷം ആരംഭിച്ചതും ഇതിന് കാരണമായി. കുടംബങ്ങൾ ഭൂരിഭാഗവും ഇത്തവണ പെരുന്നാളിന് നാടണയുന്നില്ല. ജൂണിൽ സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് പറക്കാൻ കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

Advertisement