ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; ജാഗ്രത നിർദേശം

മസ്‌കത്ത്: തലസ്ഥാനത്തുള്‍പ്പെടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. ചൊവ്വാഴ്ച പുലര്‍ച്ച ആരംഭിച്ച മഴ രാവിലെ ശക്തമായി. മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലാണ് മഴ പെയ്തത്. മസ്‌കത്തില്‍ റൂവി, മത്ര, വതയ്യ, അല്‍ ഖുവൈര്‍, ദാര്‍സൈത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മത്ര സൂഖില്‍ കടകളില്‍ വെള്ളം കയറി.

ബൗശര്‍-ആമിറാത്ത് ചുരം റോഡില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും, മറ്റു റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. അല്‍ ഖുവൈര്‍ പാലം കനത്ത മഴയെ തുടര്‍ന്ന് അടച്ചു. വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.

അതേസമയം, ചൊവ്വാഴ്ചയുണ്ടായ മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. പലയിടത്തായി വാദികള്‍ രൂപം കൊണ്ടു. ദാഹിറയിലും ബാത്തിന പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ ചിലയിടത്ത് ചാറ്റല്‍ മഴയാണ് പെയ്തത്. പലയിടങ്ങളിലും മഴയില്‍ വെള്ളക്കെട്ടുണ്ടായി. വാദികളിലൂടെ ഒഴുകിയെത്തിയ വെള്ളം റോഡുകളിലും പരന്നൊഴുകി.‌‌‌

അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടികെട്ടിയ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെകൂടി ഭാഗമായാണ് മഴ പെയ്യുന്നത്. രാജ്യത്ത് ചൂടുകാലം തണുപ്പിലേക്കു മാറുന്ന കാലാവസ്ഥാമാറ്റമാണിപ്പോള്‍.

Advertisement