ഇന്ന് അന്താരാഷ്ട്ര നൃത്തദിനം: ശാരീരിക മാനസികാരോഗ്യം വർദ്ധിപ്പിക്കാം നൃത്തത്തിലൂടെ

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു കലാരൂപം ഏതെന്ന് ചോദിച്ചാൽ പകുതിയിലധികം പേരും പറയുന്നത് നൃത്തം എന്ന് തന്നെയായിരിക്കും.

അടച്ചിട്ട മുറികളിലും സ്റ്റേജിലെ നൂറുകണക്കിന് കാണികൾക്ക് മുൻപിലും നാം ഓരോരുത്തരും ജീവിതത്തിൽ ഒരിക്കൽ എങ്കിലും നൃത്തം ആസ്വദിച്ചിട്ടുണ്ടാകും. ലോകമെമ്പാടുമുള്ള ആളുകളെ നൃത്തം എന്ന കലാരൂപത്തിൽ പങ്കാളികളാക്കാനും അത് അഭ്യസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ആചരിക്കുന്ന ദിനമാണ് അന്താരാഷ്ട്ര നൃത്ത ദിനം. എല്ലാ വർഷവും ഏപ്രിൽ 29-നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്. 1982ൽ അന്താരാഷ്ട്ര ഡാൻസ് കൗൺസിൽ ആണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.

നൃത്തം ഒരു കലാരൂപം മാത്രമല്ല, അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. കാരണം 30 മിനിറ്റ് നേരത്തെ ഒരു ഡാൻസ് ക്ലാസ് ഒരു ജോഗിംഗ് സെഷനു തുല്യമാണ്. നൃത്തം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിന്റെ താളം ആസ്വദിക്കാൻ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുമെന്ന് നിങ്ങൾക്ക് മനസ്സിലാകും. അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിക്കുന്ന ഇന്ന് ചില നൃത്തരൂപങ്ങളും അവ നൽകുന്ന ആരോഗ്യഗുണങ്ങളുമാണ് നിങ്ങൾക്കായി പങ്കുവെയ്ക്കുന്നത്.

ടാപ്പ് ഡാൻസ് (tap dancing)

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസിലാണ് ടാപ്പ് ഡാൻസ് എന്ന നൃത്തരൂപത്തിന് തുടക്കം കുറിച്ചത്. ടാപ്പ് ഡാൻസ് ഒരു നൃത്തരൂപം മാത്രമല്ല, നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു വ്യായാമം കൂടിയാണ്. ഇത് നിങ്ങളുടെ കാലുകൾക്ക് കൂടുതൽ ശക്തി നൽകുകയും പേശികളുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബെല്ലി ഡാൻസ് (belly dancing)

ബെല്ലി ഡാൻസ് ഓറിയന്റൽ ഡാൻസിംഗ് എന്നും അറിയപ്പെടുന്നു. ഈജിപ്തിലാണ് ഈ നൃത്തരൂപത്തിന്റെ ആരംഭം. ബെല്ലി ഡാൻസ് നിങ്ങളുടെ മുഴുവൻ ശരീരത്തെയും പേശികളെയും ടോൺ ചെയ്യാൻ സഹായിക്കുന്നു. ബെല്ലി ഡാൻസ് കളിക്കുമ്പോൾ നിങ്ങളുടെ കൈകൾ കൂടുതൽ നേരം ശരീരത്തിൽ നിന്ന് അകന്നാണ് നിൽക്കുക. അത് അവയെ കൂടുതൽ ബലപ്പെടുത്താൻ സഹായിക്കും.

ഭരതനാട്യം (Bharatnatyam)

ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യം നിങ്ങളുടെ കരുത്തും വഴക്കവും ബാലൻസും വർദ്ധിപ്പിക്കുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും സഹിഷ്ണുത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

ബാലെ (ballet)

ഏകദേശം 1500ൽ ഇറ്റലിയിലാണ് ഈ നൃത്തരൂപത്തിന്റെ ആരംഭം. ബാലെ പേശികളെ ശക്തിപ്പെടുത്തുകയും എല്ലുകൾ ആരോഗ്യമുള്ളതാക്കുകയും കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കഥകളി (Kathakali)

കേരളത്തിലെ പ്രധാനപ്പെട്ട നൃത്തരൂപങ്ങളിൽ ഒന്നാണ് കഥകളി. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുക മാത്രമല്ല, കണ്ണുകളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, കഥകളി വിറ്റാമിനുകൾ കുറയുന്നത് പരിഹരിക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.

Advertisement