ഓസ്കറിൽ തിളങ്ങി ‘കോഡ’; മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ

ലൊസാഞ്ചലസ്: ഓസ്കറിൽ തിളങ്ങി ‘കോഡ’. മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം ചിത്രം വാരിക്കൂട്ടി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്ത് സ്വന്തമാക്കി. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. മികച്ച നടി ജെസിക്ക ചസ്റ്റെയ്ൻ. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്കർ കൂടിയാണിത്.

ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക. സംവിധാന മികവിന് രണ്ട് തവണ നോമിനേഷൻ കിട്ടുന്ന ആദ്യവനിതയായിരുന്നു കാംപിയൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ നാല് പുരസ്കാരങ്ങളുമായി ‘ഡ്യൂൺ’ ആണ് മുന്നിൽ. മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്കാരവും ഡ്യൂൺ നേടി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി. മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ ( ചിത്രം: ബെൽഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോൺ ഹേഡെർ (ചിത്രം: കോഡ)

ഇന്ത്യൻ സമയം രാവിലെ 5.30നാണ് അവാർഡ് പ്രഖ്യാപനം തുടങ്ങിയത്. ഒട്ടേറെ പുതുമകളാണ് ഇക്കൊല്ലത്തെ അവാർഡിനെ ശ്രദ്ധേയമാക്കിയത്. ഒന്നിൽ കൂടുതൽ അവതാരകരായിരുന്നു ഏറ്റവും വലിയ പ്രത്യേകത. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ. 2011ന് ശേഷം ആദ്യമായാണ് മൂന്ന് അവതാരകരുണ്ടാവുന്നത്. റിന്റു തോമസ് എന്ന ഡൽഹി മലയാളിയും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്ററിയും ഇത്തവണ നോമിനേഷനിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ വംശജനായ ജോസഫ് പട്ടേൽ നിർമിച്ച സമ്മർ ഓഫ് സോൾ ആണ് ഈ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.

Advertisement