ഭൗമകാന്തിക കൊടുങ്കാറ്റ് : സ്പേസ്‌ എക്സിന് നഷ്‌ടമായത് 40 ഉപഗ്രഹങ്ങൾ

വാഷിംഗ്ടൺ : സൂര്യനിൽ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റിനെ തുടർന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ 40 സ്‌റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായി.

ഫെബ്രുവരി മൂന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് ലോ എർത്ത് ഓർബിറ്റിലേക്ക് 49 സ്‌റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ പുതിയ ബാച്ചിനെ സ്പേസ് എക്സ് വിക്ഷേപിച്ചത്.

എന്നാൽ, വിക്ഷേപിച്ച്‌ ദിവസങ്ങൾക്കുള്ളിൽ ഭൗമകാന്തിക കൊടുങ്കാറ്റ് അവയിൽ 40 എണ്ണത്തിന്റെ പ്രവർത്തനം താറുമാറാക്കുകയായിരുന്നു. ഏകദേശം നാല്മണിക്കൂറോളം സൗരക്കൊടുങ്കാറ്റ് നീണ്ടുനിന്നു. 2018 ഫെബ്രുവരിയിലാണ് ആദ്യ ബാച്ച്‌ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാർലിങ്ക് പദ്ധതിയുടെ ലക്ഷ്യം.

 ഭൗമകാന്തിക കൊടുങ്കാറ്റ്

സൂര്യൻ നിന്ന് എപ്പോഴും ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന കാന്തിക കണങ്ങൾ ( magnetized particles ) സൗരക്കാറ്റ് ( solar wind ) എന്ന് അറിയപ്പെടുന്നു. ഭൂമിയിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം സൗരക്കാറ്റുകളെ ഭൂമിയ്ക്കോ ഭൂമിയിലെ ജീവനോ ഭീഷണിയാകാത്ത തരത്തിൽ തടഞ്ഞ് നിറുത്തുന്നത് ഭൂമിയുടെ കാന്തിക കവചമാണ്. ഈ കാന്തിക കണങ്ങൾ ചിതറിത്തെറിക്കുന്നതാണ് ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന അറോറ ബോറിയാലിസ്.

എന്നാൽ, നൂറ്റാണ്ടിൽ ഒരിക്കലെങ്കിലും ഈ സൗരക്കാറ്റ് അതിശക്തമായ സൗരക്കൊടുങ്കാറ്റായി ഭൂമിയിലേക്ക് വീഴിയടിച്ചേക്കാം. ഈ സൗരക്കൊടുങ്കാറ്റുകളെ കൊറോണൽ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂർവമാണ്.

അതേ സമയം, ഭൂമിയുടെ ബഹിരാകാശ പരിസ്ഥിതിയിലേക്ക് പ്രവേശിക്കുന്ന സൗരക്കാറ്റിൽ നിന്നുള്ള ഊർജ്ജ കൈമാറ്റം മൂലം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന പ്രതിഭാസമാണ് ഭൗമകാന്തിക കൊടുങ്കാറ്റ് ( Geomagnetic storm ).

Advertisement