ഇന്ത്യയെ വിദേശ ഭീഷണി എന്ന് വിശേഷിപ്പിച്ച് കാനഡ

ഒട്ടാവ: ഇന്ത്യയെ വിദേശ ഭീഷണി എന്ന് വിശേഷിപ്പിച്ച് കാനഡ. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല, കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കനേഡിയന്‍ മാധ്യമമായ ഗ്ലോബല്‍ ന്യൂസാണ് പുറത്തുവിട്ടത്. കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗരൂകരാകണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പടുന്നു. അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ചൈനക്കെതിരെയും പരാമര്‍ശമുണ്ട്. ഏറ്റവും പ്രധാന ഭീഷണി എന്നാണ് ചൈനയെ വിശേഷിപ്പിച്ചിരിക്കുന്നത്.

വിഷയത്തില്‍ നിസ്സംഗതയുണ്ടായാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉത്തരവിട്ടു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ ഉയര്‍ത്തിയിരുന്നത്.

Advertisement