ഗാസ വിടാൻ വിദേശികൾക്കായി റഫാ അതിർത്തി തുറന്ന് ഈജിപ്ത്; ആദ്യ സംഘം അതിർത്തി കടന്നു

ജറുസലം: ഇസ്രയേൽ–ഹമാസ് നേർക്കുനേർ ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നതിനിടെ, റഫാ അതിർത്തി വഴി ഗാസയിൽനിന്ന് ആദ്യത്തെ സംഘം പുറത്തെത്തി. സംഘർഷത്തിനിടെ ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിർത്തി വഴി പുറത്തു കടന്നത്.

ഒക്ടോബർ ഏഴിനു സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഈജിപ്ത് റഫാ അതിർത്തി തുറന്നുകൊടുത്തത്. ഗാസയിൽനിന്ന് ആളുകൾക്കു പുറത്തുകടക്കാൻ ഇസ്രയേലിന്റെ നിയന്ത്രണമില്ലാത്ത ഏക അതിർത്തിയാണ് റഫാ. ആദ്യ സംഘത്തിൽ എത്ര പേരാണ് ഗാസ വിട്ടതെന്നു വ്യക്തമല്ല.

വിദേശികളും ഇരട്ടപൗരത്വമുള്ളവരുമായ ഏതാണ്ട് നാനൂറോളം പേർ ഗാസയിൽനിന്നു രക്ഷപ്പെടാൻ അതിർത്തിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഇവരിൽ ആദ്യ സംഘമാണു റഫാ അതിർത്തി കടന്ന് ഈജിപ്തിലെത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ രാജ്യങ്ങളുടെയും ഇടപെടലിനെ തുടർന്ന് ഗാസയിലേക്ക് റഫാ അതിർത്തി കടന്ന് ഇതിനകം 200ലധികം ട്രക്കുകളിൽ സഹായമെത്തിച്ചിട്ടുണ്ടെങ്കിലും, സംഘർഷ ഭൂമിയിൽനിന്ന് ആരെയും അതിർത്തി കടക്കാൻ ഈജിപ്ത് അനുവദിച്ചിരുന്നില്ല.

വിദേശ പൗരൻമാർക്കു പുറമേ, ഇസ്രയേലിന്റെ ആക്രമണത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ 81 പലസ്തീൻകാരെയും റഫാ അതിർത്തി കടക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ഈജിപ്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റഫാ അതിർത്തി വഴി പുറത്തു കടക്കാനായി ഇരട്ട പൗരത്വമുള്ള ഏതാണ്ട് 7000 ആളുകളാണ് പേര് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 500 പേരെ വീതം ഓരോ ദിവസവും അതിർത്തി കടക്കാൻ അനുവദിക്കും.

ഏതാണ്ട് 44 രാജ്യങ്ങളിൽ പൗരത്വമുള്ളവരാണ് ഗാസയിൽ അകപ്പെട്ടു പോയിരിക്കുന്നതെന്നാണ് ഇതുവരെ ലഭ്യമായിരിക്കുന്ന വിവരം. ഇവർക്കു പുറമെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ യുഎൻ സംഘടനകൾ ഉൾപ്പെടെ 28 ഏജൻസികളുടെ പ്രതിനിധികളും അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്ന് ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനുള്ള മറുപടിയെന്ന നിലയിൽ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം നാലാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. 24 ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ ആദ്യ ഘട്ടത്തിൽ വ്യോമാക്രമണവും അതിനുശേഷം കരയുദ്ധവുമാണ് ഇസ്രയേൽ നടത്തുന്നത്. ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ 1400 പേരും, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഗാസയിൽ ഇതുവരെ 8500 പേരും കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്കു പരുക്കേറ്റു. ക്യാംപിലെ 15 പാർപ്പിടകേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരുക്കേറ്റവരെ ചികിത്സിക്കാനാവശ്യമായ സംവിധാനമില്ലാത്ത സ്ഥിതിയാണെന്നു സമീപത്തെ ഇന്തൊനീഷ്യൻ ആശുപത്രി ഡയറക്ടർ അറിയിച്ചു.

അതിർത്തിയിൽനിന്നു കൂടുതൽ ഇസ്രയേൽ ടാങ്കുകൾ ഗാസയിലേക്കു നീങ്ങുകയാണ്. ഗാസ സിറ്റിയിലെ തുരങ്കങ്ങളിൽ ഇരുപക്ഷവും തമ്മിൽ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോർട്ടുണ്ട്. തുരങ്കങ്ങളിൽ പ്രവേശിച്ച സൈനികർ, ഹമാസ് പ്രവർത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങൾ കൂടി തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു.

ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ യുഎൻ ഭക്ഷ്യസംഭരണ കേന്ദ്രങ്ങൾ ജനക്കൂട്ടം ആക്രമിച്ചു. ഗാസ ആരോഗ്യദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.

Advertisement