ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഉച്ചയ്ക്ക് രണ്ടിന് ഏറ്റുമുട്ടും

അഹമ്മദാബാദ്:
ഏകദിന ലോകകപ്പ് പൂരത്തിന് ഇന്ന് അഹമ്മദാബാദിൽ കൊടിയേറും. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 2019 ലോകകപ്പ് ഫൈനലിൽ നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും തുല്യത പാലിച്ചിട്ടും ബൗണ്ടറി കണക്കിൽ കിരീടം കൈവിടേണ്ടി വന്നതിന്റെ കണക്ക് തീർക്കാനാണ് ന്യൂസിലാൻഡ് ഇറങ്ങുക.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്‌പോർട്‌സിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 2019ലെ ലോകകപ്പിൽ കളിച്ച എട്ട് താരങ്ങൾ ഇപ്പോഴും ഇംഗ്ലണ്ട് ടീമിലുണ്ട്. അന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൂപ്പർ താരം ബെൻ സ്റ്റോക്‌സിനെ ഏകദിന വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് ടീമിനൊപ്പം കൂട്ടി.

ഇടുപ്പിനേറ്റ പരുക്ക് മൂലം ആദ്യ മത്സരത്തിൽ സ്റ്റോക്‌സിന് കളിക്കാനാകുമോ എന്ന ആശങ്ക ഇംഗ്ലണ്ടിനുണ്ട്. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് സ്റ്റോക്‌സ് ഈ ലോകകപ്പിൽ പന്തെറിയില്ലെന്നും സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാകും കളിക്കുകയെന്നും ഇംഗ്ലണ്ട് വ്യക്തമായിട്ടുണ്ട്. മറുവശത്ത് ന്യൂസിലാൻഡും പരുക്കിന്റെ ആശങ്കയിലാണ്.

Advertisement