കുടുംബത്തിനൊപ്പം ക്യാമ്പിംഗിനെത്തിയ 9 കാരിയെ കാണാതായി, നിർണായകമായി കുറിപ്പിലെ വിരലടയാളം

ന്യൂയോർക്ക്: വാരാന്ത്യ ആഘോഷത്തിനിടെ സെക്കിളിൽ പോയ ഒൻപതു വയസുകാരിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തിലെ വിരലടയാളം. അമേരിക്കയിലെ ന്യൂയോർക്കിലെ സാരട്ടോഗയിലാണ് ഒൻപതുകാരിയെ ശനിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ട് പോയത്.

മോറിയോ ലേക്ക് സ്റ്റേറ്റ് പാർക്കിൽ നിന്നാണ് ഒൻപതുകാരിയായ ചാർലെറ്റ് സെനയെ തട്ടിക്കൊണ്ട് പോയത്. മകളെ തിരിച്ച് തരണമെങ്കിൽ മോചന ദ്രവ്യം നൽകണമെന്ന് വിശദമാക്കി പെൺകുട്ടിയുടെ വീട്ടിലെത്തിയ കുറിപ്പിലെ വിരലടയാളമാണ് കുട്ടിയെ കണ്ടെത്താനും അക്രമിയിലേക്കും പൊലീസിനെ സഹായിച്ചത്.

47 വയസ് പ്രായമുള്ള ക്രെയ്ഗ് നെൽസൺ റോസ് ജൂനിയറാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് 1999ൽ ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിരലടയാളമാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. ഇയാളുടെ അമ്മയുടെ വീട്ടിലെ കബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്. കുട്ടിയെ കാണാതായ സമയത്ത് ഇയാളും ഈ പാർക്കിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെയാണ് കുട്ടിയെ കണ്ടെത്തിയത്. സെന ആരോഗ്യത്തോട് കൂടിയിരിക്കുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 48 മണിക്കൂറോളമാണ് ന്യൂയോർക്ക് പൊലീസ് പെൺകുട്ടിക്കായി നിരവധി ഉദ്യോഗസ്ഥരും ഡ്രോണും അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് തെരച്ചിൽ നടത്തിയത്.

കുടുംബവുമൊത്ത് വാരാന്ത്യം ക്യാംപിങ്ങിനായി എത്തിയ പെൺകുട്ടിയാണ് സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ കാണാതായത്. കുട്ടിയെ കാണാതെ വന്നതിന് പിന്നാലെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് സൈക്കിൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടികളെ കാണാതായാൽ നൽകുന്ന ആംബർ അലർട്ട് അന്വേഷണ സംഘം പുറപ്പെടുവിച്ചു. തിങ്കളാഴ്ച എഫ്ബിഐ അടക്കമുള്ള ഏജൻസികൾ ഒൻപത് വയസുകാരിക്കായുള്ള തെരച്ചിലിൽ അണിനിരന്നു.

6000 ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ നായകളെയും ഡ്രോണുകളെയും അടക്കം ഉപയോഗിച്ചായിരുന്നു തെരച്ചിൽ. 1996ൽ
ഒൻപത് വയസ് പ്രായമുള്ള ആംബർ ഹേഗർമാൻ എന്ന പെണ്‌‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാതർ കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നതിന് പിന്നാലെ പുറത്തിറക്കുന്ന അടിയന്തര സ്വഭാവമുള്ള അറിയിപ്പിന് ആംബർ അലർട്ട് എന്ന് പേര് നൽകിയിട്ടുള്ളത്.

Advertisement