കോവിഡ് പ്രതിരോധ ചികിത്സ; ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം മാറി !

കോവിഡ് 19 മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഉണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. പ്രതിരോധ കുത്തിവെപ്പുകളിലൂടെ വൈറസിന്‍റെ പ്രത്യാഘാതങ്ങൾക്ക് തടയിടും വരെ വലിയ വെല്ലുവിളിയായിരുന്നു ഇത് ഉയർത്തിയിരുന്നത്.

എന്നാൽ തായ്‌ലൻഡിൽ നിന്നും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തു. ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്ന ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങൾ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് പ്രതിരോധ ചികിത്സയെ തുടർന്ന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണിലെ കൃഷ്ണമണിയുടെ നിറം തവിട്ട് നിറമായിരുന്നത് നീല നിറമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.

കുട്ടിക്ക് ആദ്യ ലക്ഷണമായി ചുമയും പനിയും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ഫാവിപിരാവിർ (Favipiravir) എന്ന മരുന്ന് നൽകി. ലഘുവായ വയറിളക്കവും മറ്റ് പൊതു ലക്ഷണങ്ങളും ഈ മരുന്നിന്‍റെ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. പക്ഷേ, ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തിലാക്കിയത് കുഞ്ഞിന്‍റെ കണ്ണുകളുടെ കോർണിയയിൽ ഉണ്ടായ നിറവ്യത്യാസമാണ്. ചികിത്സ ആരംഭിച്ച് 18 മണിക്കൂറിന് ശേഷം, സൂര്യപ്രകാശം ഏറ്റതിന് പിന്നാലെ കുഞ്ഞിന്‍റെ കണ്ണുകളുടെ കോർണിയ നീല നിറമായി മാറി.

കുട്ടിയുടെ കണ്ണുകളിൽ കാണപ്പെട്ട അസാധാരണമായ നിറവ്യത്യാസം ചർമ്മം, നഖങ്ങൾ അല്ലെങ്കിൽ മൂക്ക് പോലുള്ള ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഉണ്ടായില്ലെന്നും ഫ്രണ്ടിയേഴ്‌സിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യവശാൽ, മൂന്ന് ദിവസത്തിന് ശേഷം, കുഞ്ഞിന്‍റെ കണ്ണിന്‍റെ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങി. അഞ്ചാം ദിവസമായപ്പോഴേക്കും കുട്ടിയുടെ കോർണിയ അതിന്‍റെ സാധാരണ നിറത്തിലേക്ക് മടങ്ങി. ഏതായാലും കുട്ടിക്കായി നടത്തിവന്നിരുന്ന കോവിഡ് പ്രതിരോധ ചികിത്സ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ സംഘം. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിറം മാറ്റം കുട്ടിയുടെ കണ്ണിന്‍റെ കോർണിയയിൽ സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ഉത്തരം കണ്ടെത്താൻ മെഡിക്കൽ വിദഗ്ധർക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

Advertisement