മൂന്ന് കാമുകിമാർ വേണം, ബാങ്ക് ബാലൻസ് 25,000 ഡോളറും; നഷ്ടപ്പെട്ട ഫോണിൻറെ ലോക്ക് സ്ക്രീൻ ചിത്രങ്ങൾ വൈറൽ !

മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാൽ ഇതാദ്യമായിരിക്കും നഷ്ടപ്പെട്ട് പോയ ഒരു മൊബൈൽ ഫോണിൻറെ ലോക്ക് സ്ക്രീൻ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതുപോലെ പ്രചരിക്കുന്നത്. ഏതായാലും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇനി തൻറെ ഫോൺ എവിടെയുണ്ടെന്ന് അറിഞ്ഞാൽ തന്നെ തിരികെ വാങ്ങണമോ വേണ്ടയോയെന്ന് ഫോണിൻറെ ഉടമസ്ഥൻ രണ്ടാമത് ഒന്നാലോചിക്കും എന്നാണ് നെറ്റിസൺസിൻറെ നിരീക്ഷണം. കാരണം അത്രയേറെ വിചിത്രവും രസകരവുമാണ് ഈ ഫോണിൻറെ ലോക്ക് സ്ക്രീൻ.

ഓസ്‌ട്രേലിയൻ നാഷണൽ പാർക്കിൽ നിന്നാണ് സാംസങ് ഗാലക്‌സി എസ് 20 ഫോൺ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫോൺ കിട്ടിയ ആൾ ഉടൻ തന്നെ അത് കോസ്സിയൂസ്‌കോ നാഷണൽ പാർക്കിലെ പെരിഷർ സ്കീ റിസോർട്ടിൻറെ ഫ്രണ്ട് വാലിയിലെ ഡെസ്കിന് കൈമാറുകയായിരുന്നെന്ന് ഡെയ്‌ലി സ്റ്റാർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് റിസോർട്ട് ജീവനക്കാർ ഫോൺ ഓൺ ചെയ്തു നോക്കാൻ ശ്രമിച്ചപ്പോഴാണ് രസകരമായ ലോക്ക് സ്ക്രീൻ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫോണിൻറെ ഉടമസ്ഥൻ തൻറെ ജീവിതലക്ഷ്യങ്ങൾ തന്നെയായിരുന്നു ലോക്ക് സ്ക്രീനായി സൂക്ഷിച്ചിരുന്നത്. തൻറെ ജീവിതത്തിലെ എട്ട് ലക്ഷ്യങ്ങൾ അദ്ദേഹം അക്കമിട്ട് എഴുതി അതിൻറെ ചിത്രമെടുത്ത്, അത് ലോക്ക് സ്ക്രീനായി ചേർക്കുകയായിരുന്നു.

ആ ഫോൺ ഉടമയുടെ ജീവിത ലക്ഷ്യങ്ങളിയാണ് : 1) കൃത്യമായി വ്യായാമം ചെയ്ത് ഭാരം 87 കിലോയായി കുറയ്ക്കണം. 2) എല്ലാത്തരം നിക്കോട്ടിനും ഉപേക്ഷിക്കണം. 3) ബാങ്ക് അക്കൗണ്ടിൽ 25,000 ഡോളർ ഉണ്ടായിരിക്കണം. 4) ഒരു മോട്ടോർ ബൈക്ക് വാങ്ങണം. 5) ബോക്സിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണം. 6) യൂണിവേഴ്സിറ്റിയിൽ നല്ല മാർക്ക് നേടണം. 7) ഒരേസമയം മൂന്ന് പെൺകുട്ടികളെ പ്രണയിക്കണം. 8) മൂന്ന് മാസത്തേക്ക് മുടി മുറിക്കരുത്. ആദ്യ വായനയിൽ തന്നെ തമാശയെന്ന് കരുതുന്ന ഈ ആഗ്രഹങ്ങളായിരുന്നു ആ ഫോൺ ഉടമ എപ്പോഴും ഓർക്കാനായി തൻറെ ഫോണിൻറെ ലോക്ക് സ്ക്രീനായി ചേർത്തത്.

ലോക്ക് സ്ക്രീൻ സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ കണ്ടതോടെ നിരവധിയാളുകളാണ് രസകരമായ കമൻറുകൾ എഴുതാനായി പോസ്റ്റിൽ എത്തിയത്. ഒരേസമയം മൂന്ന് കാമുകിമാരുള്ള ഒരാൾക്ക് 25,000 ഡോളർ ബാങ്കിൽ നിക്ഷേപിക്കുക അസാധ്യമായിരിക്കുമെന്നാണ് മറ്റൊരാൾ കുറിച്ചത്. നിക്കോട്ടിൻ ഉപേക്ഷിക്കുന്നതും യൂണിവേഴ്സിറ്റിയിൽ നല്ല മാർക്ക് നേടുന്നതും വളരെ നല്ല തീരുമാനങ്ങളാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും ലോക്ക് സ്ക്രീൻ ഇത്രമാത്രം പ്രചരിക്കപ്പെട്ട സ്ഥിതിക്ക് ഇനി ആ ഫോണിൻറെ ഉടമസ്ഥൻ അത് മടക്കി വാങ്ങാൻ വരാൻ സാധ്യത കുറവാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Advertisement