ജലാശയത്തില്‍ നിന്ന് ആകാശത്തോളം നീളുന്ന സ്വര്‍ണ്ണ ജലസ്തംഭത്തിന്‍റെ വീഡിയോ; അത്ഭുതപ്പെട്ട് നെറ്റിസണ്‍സ് !

പ്രകൃതിയിലെ അത്ഭുതങ്ങള്‍ എന്നും മനുഷ്യനെ ആശ്ചര്യചകിതനാക്കിയിട്ടേയുള്ളൂ. ആധിമ കാലത്ത് ഇത്തരം അത്ഭുതങ്ങളെ ഭയത്തോടെയും ആരാധനയോടെയും കണ്ടപ്പോള്‍ അത്തരം പ്രകൃതി ശക്തികള്‍ പലതും പിന്നീട് ആദിമ ദൈവങ്ങളായി വാഴ്ത്തപ്പെട്ടു. കാലാന്തരത്തില്‍ ദൈവങ്ങള്‍ മനുഷ്യരൂപത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ അവയ്ക്കോരോന്നിനും ഓരോ പ്രകൃതി പ്രതിഭാസങ്ങളുടെ ശക്തികള്‍ നല്‍കുകയാണ് മനുഷ്യന്‍ ചെയ്തത്. അങ്ങനെ മഴയ്ക്കും സൂര്യനും കാറ്റിനും ജലത്തിനുമെല്ലാം ദൈവങ്ങളായി. പിന്നീടും കാലമേറെക്കഴിഞ്ഞാണ് വിശ്വാസികള്‍ക്കിടയില്‍ മനുഷ്യ ദൈവങ്ങള്‍ ഉടലെടുക്കുന്നത്. എങ്കിലും, ഇന്നും പ്രകൃതിയിലെ പല പ്രതിഭാസങ്ങളെയും മനുഷ്യന്‍ അത്ഭുതത്തോടെയാണ് കാണുന്നത്.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഒരു വീഡിയോ ഇത്തരത്തിലൊരു പ്രകൃതി പ്രതിഭാസത്തെ കാണിച്ചു. റഷ്യയിലെ പെര്‍ം മേഖലയിലെ കാമ നദിയിലെ അതിശയകരമായ ഒരു സ്വർണ്ണ ജലസ്രോതസ്സായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ വിസ്മയക്കാഴ്ച ഇന്‍റർനെറ്റ് ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഇതിനകം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. “പ്രകൃതിയെക്കുറിച്ചും മാനസികാവസ്ഥയുടെ വ്യത്യാസത്തെക്കുറിച്ചും അൽപ്പം. കാമ നദി. പെര്‍ം മേഖല,” വീഡിയോ പങ്കുവച്ച് കൊണ്ട് Zlatti71 എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.

കടല്‍, തടാകം തുടങ്ങി വലിയ ജലാശയത്തിന് മുകളിലൂടെ മേഘങ്ങള്‍ കടന്ന് പോകുമ്പോള്‍ കാറ്റിന്‍റെ ബലതന്ത്രത്തില്‍പ്പെട്ട് ജലസ്രോതസ്സിന് മുകളിൽ സംഭവിക്കുന്ന തീവ്രമായ സ്തംഭ ചുഴിയാണ് വാട്ടര്‍ സ്പൗട്ട്. ചിലത് ക്യുമുലസ് കൺജസ്റ്റസ് മേഘവുമായും ചിലത് ക്യുമുലിഫോം മേഘവുമായും ചിലത് ക്യുമുലോനിംബസ് മേഘവുമായും ബന്ധപ്പെട്ടിരിക്കുന്നു. ക്യുമുലസ് മേഘങ്ങളായിരുന്നു പെര്‍ം മേഖലയിലുണ്ടായിരുന്നത്. ഇതോടൊപ്പം അസ്തമയ സൂര്യന്‍റെ വെളിച്ചം കൂടിയാകുന്നതോടെ ഈ ജലസ്തംഭം സ്വര്‍ണ്ണപ്രഭയില്‍ തിളങ്ങി. നിരവധി പേര്‍ ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ ‘വാട്ടര്‍സ്‍പൗട്ട്’ ( waterspout) എന്താണെന്ന് വിശദീകരിച്ചു. “അത് വളരെ രസകരമാണ്… ഭയപ്പെടുത്തുന്നതാണ്.” ഒരാള്‍ കുറിച്ചു. ഇന്ത്യയില്‍ അടുത്തകാലത്ത് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ നതുവാല ഗ്രാമങ്ങളിലുണ്ടായ ജലസ്തംഭം നെൽവയലുകളിൽ ജലപ്രവാഹത്തിന് കാരണമായി. ഒപ്പം വീടുകള്‍ക്കും ട്രാന്‍സ്ഫോമറിനും കേടുപാടുകള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement