ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം; പുതിയ പദ്ധതിയുമായി റെയിൽവേ

ന്യൂ ഡെൽഹി:ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും കുടിവെള്ളവും നൽകുന്നതിനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് പുറത്തുവിട്ടു. ഭക്ഷണം നൽകുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകൾക്ക് സമീപമുളള പ്ലാറ്റ്ഫോമുകളിൽ സ്ഥാപിക്കും.

ഭക്ഷണം രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഏഴ് പൂരികളും കിഴങ്ങുകറിയും അച്ചാറും ഉൾപ്പടെയുള്ള വിഭവങ്ങൾ 20 രൂപയ്ക്ക് ലഭിക്കും. രണ്ടാമത്തെ ഭക്ഷണ വിഭാഗത്തിന് 50 രൂപ വിലവരും, കൂടാതെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളായ ചോറ്, രാജ്മ, ചോലെ, ഖിച്ചി കുൽച്ചെ, ഭാതുർ, പാവ്-ഭാജി, മസാല ദോശ എന്നീ ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. 

ജനറൽ കോച്ചുകൾക്ക് സമീപത്തെ പ്ലാറ്റ്ഫോമിൽ സ്ഥാപിക്കുന്ന കൗണ്ടറുകൾ വഴി ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ കോച്ചുകളിലെ യാത്രക്കാരുടെ സൗകര്യാർഥമാണ് പുതിയ പദ്ധതി.

Advertisement