അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ചിമ്പാൻസി; രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അമ്മയുടെ കയ്യിലിരിക്കുകയായിരുന്നു രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ചിമ്പാൻസി തട്ടിയെടുത്തോടി. പടിഞ്ഞാറൻ ഉഗാണ്ടയിലെ കഗാഡി നഗരത്തിലാണ് സംഭവം. അരോഹോ അഹുമുസ എന്ന് പേരുള്ള കുഞ്ഞിനെയാണ് ചിമ്പാൻസി തട്ടിയെടുത്ത് സ്ഥലം വിട്ടത്. വീടിനു സമീപത്തെ തുറസായ സ്ഥലത്ത് കുഞ്ഞുമായി ഇരിക്കുന്നതിനിടയിൽ കുറ്റിക്കാടിന് മറവിൽ നിന്ന് പുറത്തേക്ക് വന്ന ചിമ്പാൻസി പെട്ടെന്ന് കുഞ്ഞിനെ തട്ടിപ്പറിക്കുകയായിരുന്നു. 

അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാൽ അമ്മയ്ക്ക് പ്രതിരോധിക്കാൻ ആയില്ല. നിമിഷ നേരം കൊണ്ട് ചിമ്പാൻസി കുഞ്ഞുമായി കടന്നു കളയുകയും ചെയ്തു. പരിഭ്രാന്തയായ അമ്മ നിലവിളിച്ചതോടെ ആളുകൾ ഓടിക്കൂടുകയായിരുന്നു. എല്ലാവരും ചേർന്ന് കുഞ്ഞിനായി തിരച്ചിൽ ആരംഭിച്ചു. അല്പസമയത്തിനുശേഷം   തലയ്ക്ക് സാരമായി പരുക്കേറ്റ നിലയിൽ കുഞ്ഞിനെ സമീപപ്രദേശത്തു നിന്നും കണ്ടെത്തുകയും ചെയ്തു. ഉടൻതന്നെ കുഞ്ഞിനെ കഗാഡി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കെത്തിച്ചു. എന്നാൽ സാധ്യമായ എല്ലാ വൈദ്യസഹായവും നൽകിയെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ള കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ആഫ്രിക്കയിൽ തന്നെ ഏറ്റവും അധികം ചിമ്പാൻസികളുള്ള കിബാലെ ദേശീയ ഉദ്യാനത്തിന് സമീപത്തായാണ് കഗാഡി നഗരം സ്ഥിതി ചെയ്യുന്നത്. വനമേഖലയിൽ നിന്ന് സമീപപ്രദേശങ്ങളിലേക്കിറങ്ങി അലഞ്ഞു തിരിയുന്ന ചിമ്പാൻസികളിൽലൊന്നാവാം കുഞ്ഞിനെ ആക്രമിച്ചതെന്നാണ് നിഗമനം. ഈ മേഖലയിലുള്ള ചിമ്പാൻസികളെ എത്രയും വേഗം കണ്ടെത്തി ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കണമെന്ന് അരോഹോയുടെ പിതാവടക്കമുള്ള പ്രദേശവാസികൾ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു.

മനുഷ്യനെക്കാൾ നാലുമടങ്ങ് ശക്തിയുള്ളവയാണ് ചിമ്പാൻസികൾ. ഏറ്റുമുട്ടലുകളുണ്ടായാൽ മനുഷ്യനെ വളരെ വേഗം തോൽപ്പിക്കാനാവുന്ന ഇവ പ്രകോപിതരായാൽ അങ്ങേയറ്റം അക്രമകാരികളുമാണ്. ഉഗാണ്ടയിൽ മാത്രം ഏകദേശം 5000ത്തോളം ചിമ്പാൻസികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അടുത്തകാലങ്ങളിലായി മനുഷ്യനും ചിമ്പാൻസികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഉഗാണ്ടയിൽ അധികമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യനെ  കൊലപ്പെടുത്തുന്ന സംഭവങ്ങൾ വിരളമാണെങ്കിലും പല അവസരങ്ങളിലും അവ ആക്രമണ മനോഭാവത്തോടെ പെരുമാറിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

മറ്റു പ്രദേശങ്ങളിലെന്നപോലെ വനമേഖലയിൽ മനുഷ്യന്റെ കയ്യേറ്റം വർധിക്കുന്നതാണ് ചിമ്പാൻസികൾ ജനവാസ മേഖലയിലയിൽ ആക്രമണം നടത്തുന്നതിന് കാരണമെന്ന്  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കടന്നുകയറ്റം ഉണ്ടാകുന്നത് ചിമ്പാൻസികൾക്ക് ഏറെ സമ്മർദ്ദം നൽകുന്ന കാര്യമാണ്.  ഇവ കൂടുതൽ അക്രമണാസക്തരാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

Advertisement