കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ; കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്നും വിലക്കി

Advertisement

ഐഎസ്എല്‍ പ്ലേഓഫില്‍ റഫറിങ് തീരുമാനത്തിനിടെ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെയും കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെതിരെയും ശിക്ഷ നടപടികളുമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്നും എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തി. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും ഇവാന്‍ നല്‍കണം. മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന ഐഎസ്എല്‍ 2022-23 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിനിടെയാണ് റഫറിങ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കോച്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയം വിട്ടത്.
പിഴയ്ക്ക് വിലക്കിനും പുറമെ ടീമും കോച്ചും സംഭവത്തില്‍ പരസ്യമായി ക്ഷമാപണം അറിയിക്കണമെന്നും എഐഎഫ്എഫ് അറിയിച്ചു. അതിന് തയ്യാറായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനേര്‍പ്പെടുത്തിയിരിക്കുന്ന പിഴ ആറ് കോടിയായി വര്‍ധിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി പുറത്ത് വിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. വുകോമാനോവിച്ചും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പിഴ അഞ്ചില്‍ നിന്നും പത്ത് ലക്ഷമായി ഉയരും. എഐഎഫ്എഫിന്റെ പത്ത് മത്സരങ്ങളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിന് വിലക്കിയിരിക്കുന്നത്. ഈ കാലയളവില്‍ വുകോമാനോവിച്ചിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രെസ്സിങ് റൂമിലോ ബെഞ്ചിലോ ഉണ്ടാകാന്‍ പാടില്ലയെന്ന് അച്ചടക്ക സമിതി വ്യക്തമാക്കി. വൈഭവ് ഗഗ്ഗാര്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ശിക്ഷ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍ ടീമിനും കോച്ചിനും സാധിക്കുമെന്നും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
ഐഎസ്എല്‍ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫില്‍ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ അധിക സമയത്ത് സുനില്‍ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്‌സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്‌സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധം സൃഷ്ടിക്കാന്‍ സമയം നല്‍കുന്നതിന് മുമ്പായി ഛേത്രി ഗോള്‍ അടിച്ചു. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡഗ്ഗ്ഔട്ട് ഉള്‍പ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് കളം വിടാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

Advertisement