ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ച്‌ വിവാദപരാമശങ്ങൾ നടത്തിയ ആഭ്യന്തര സെക്രട്ടറി രാജിവച്ചു

ലണ്ടൻ: ബ്രിട്ടണിൽ രാഷ്‌ട്രീയ- സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ യുകെ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രാവർമാൻ സ്ഥാനം രാജിവച്ചു.

സർക്കാരിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് അറിയിച്ചായിരുന്നു രാജി. സുയെല്ല രാജിക്കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന് കൈമാറി. ഒരാഴ്ചയ്ക്കിടെ ലിസ് ട്രസ് ക്യാബിനറ്റിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് സുയെല്ല ബ്രാവർമാൻ. ഒക്‌ടോബർ 14ന് ലിസ് ട്രസ് സർക്കാരിന്റെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ക്വാസി ക്വാർട്ടെംഗിനെ മാറ്റി പകരം ജെറമി ഹണ്ടിനെ നിയമിച്ചിരുന്നു.

കുടിയേറ്റം സംബന്ധിച്ച മന്ത്രിതല പ്രസ്താവനയുടെ കരട് രേഖാമൂലം പ്രസിദ്ധീകരിക്കുന്നതിനായി വിശ്വസ്തനീയനായ പാർലമെന്ററി സഹപ്രവർത്തകന് ഇമെയിൽ മുഖാന്തിരം അയച്ചുവെന്നും ഇതിലൂടെ നിയമങ്ങൾ സാങ്കേതികമായി ലംഘിച്ചുവെന്നും രാജിക്കത്തിൽ പറയുന്നു. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഔദ്യോഗിക ചാനലുകളിൽ വിവരമറിയിച്ചുവെന്നും അവർ കത്തിൽ വ്യക്തമാക്കി. ലിസ് ട്രസ് സർക്കാരിന്റെ നിർദേശങ്ങളെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും അവർ കത്തിൽ സൂചിപ്പിച്ചു.

വോട്ടർമാർക്ക് നൽകിയ പ്രധാന വാഗ്ദ്ധാനങ്ങൾ സ‌ർക്കാർ ലംഘിച്ചുവെന്ന് സുയെല്ല കത്തിൽ ചൂണ്ടിക്കാട്ടി. പ്രകടനപത്രികയിലെ വാഗ്ദ്ധാനങ്ങളെ മാനിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച്‌ ആശങ്കയുണ്ട്. കുടിയേറ്റം കുറയ്ക്കുക, അനധികൃത കുടിയേറ്റം തടയുക തുടങ്ങിയ വാഗ്ദ്ധാനങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചും അവർ കത്തിൽ വ്യക്തമാക്കി.

അടുത്തിടെ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കെതിരെ സുല്ല ബ്രാവർമാൻ നടത്തിയ പരാമർശങ്ങൾ കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയും യുകെയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചചെയ്യുന്നതിനിടെയായിരുന്നു സുയെല്ലയുടെ പരാമർശം. പിന്നാലെ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ) തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുകെയിൽ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരിൽ ഏറിയ പങ്കും ഇന്ത്യക്കാരായതിനാൽ ഇന്ത്യയുമായി കരാറിൽ ഏർപ്പെടാൻ ആശങ്കയുണ്ടെന്നും ഇത് കൂടുതൽ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് ഒരു അഭിമുഖത്തിൽ ഇന്ത്യൻ വംശജ കൂടിയായ സുല്ല ബ്രാവർമാൻ പറഞ്ഞത്.

സുല്ലയുടെ അനാദരവോടെയുള്ള പരാമർശങ്ങൾ ഞെട്ടിച്ചെന്നും നിരാശപ്പെടുത്തിയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ പരാമർ‌ശങ്ങൾക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി അനുബന്ധിച്ചുള്ള യുകെ സന്ദർശനം പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Advertisement