ചൈനയിൽ പാർട്ടി കോൺ​ഗ്രസ് ഇന്ന് മുതൽ

ബെയ്ജിങ്: ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ (69) ‘പരമാധികാരി’യായി അവരോധിക്കാൻ വഴിയൊരുക്കുന്ന നിർണായക പാർട്ടി കോൺഗ്രസിന് ഇന്നു തുടക്കം. 2,296 പ്രതിനിധികൾ പങ്കെടുക്കുന്ന 20–ാം പാർട്ടി കോൺഗ്രസ് 22 വരെ നീളും.

അധികാരത്തിൽ 10 വർഷം പൂർത്തിയാക്കിയ ഷി ഒഴികെയുള്ള ഉന്നതർ സ്ഥാനമൊഴിയും. സ്ഥാനശ്രേണിയിൽ രണ്ടാമനായ പ്രധാനമന്ത്രി ലി കെചിയാങ് (67), വിദേശകാര്യമന്ത്രി വാങ് യീ എന്നിവരും ഒഴിയുന്നവരിൽ പെടും.

മാർക്സിസ്റ്റ് തത്വചിന്തയിൽ ഉറച്ചുനിന്ന്, കാലാനുസൃതമായി കമ്യൂണിസ്റ്റ് പാർട്ടിയെ പുതുക്കുന്നതിനാവശ്യമായ നടപടികൾ കോൺഗ്രസിൽ ചർച്ച ചെയ്യും. എന്നാൽ, അഞ്ച് വർഷം കൂടുമ്പോൾ ചേരുന്ന പാർട്ടി കോൺഗ്രസ് ആഘോഷമാക്കാൻ അധികാരകേന്ദ്രങ്ങൾ യത്നിക്കുമ്പോഴും സ്വേച്ഛാധിപത്യ ഭരണത്തിനും കോവിഡ് നയത്തിനുമെതിരെ കഴിഞ്ഞ ദിവസം നിരത്തിൽ പ്രതിഷേധ ബാനറുകൾ പ്രത്യക്ഷപ്പെട്ടത് അധികൃതരെ അലോസരപ്പെടുത്തിയിട്ടുണ്ട്.

തൊഴിലില്ലായ്മയും അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഷി കൈക്കൊണ്ട കർശന നടപടികളും പാർട്ടിയിൽ പ്രതിഷേധത്തിന് വഴിമരുന്നിട്ടെന്നാണു സൂചന. മുൻ നിയമമന്ത്രി ഉൾപ്പെടെ ആറ് ഉന്നതർക്കാണ് ഷി ഭരണകൂടം വധശിക്ഷ വിധിച്ചത്.

അധികാര കേന്ദ്രീകരണം ഒഴിവാക്കാനാണ് ഒരാൾ രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവിയിൽ തുടരരുതെന്ന് ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് 12–ാം കോൺഗ്രസ് (1982) തീരുമാനിച്ചത്. ഷിയുടെ മുൻഗാമികളായ ജിയാങ് സെമിൻ, ഹു ജിന്റാവോ എന്നിവർ 10 വർഷം കഴിഞ്ഞ് അധികാരമൊഴിഞ്ഞു. എന്നാൽ, ഈ വ്യവസ്ഥ ഭേദഗതി ചെയ്ത ഷി ആജീവനാന്തം തുടരുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

9.6 കോടി അംഗങ്ങൾ, 2296 പ്രതിനിധികൾ

9.6 കോടി അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത് 200 അംഗ കേന്ദ്രകമ്മറ്റിയും 25 അംഗ പൊളിറ്റ് ബ്യൂറോയുമാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളിലെ ഏഴു പേർ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർണായക അധികാരകേന്ദ്രം. പൊളിറ്റ് ബ്യൂറോയെയും സ്റ്റാൻഡിങ് കമ്മിറ്റിയെയും പാർട്ടി കോൺഗ്രസാണു തിരഞ്ഞെടുക്കുക.

പാർട്ടി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 2296 പ്രതിനിധികളിൽ 771 പേർ സൈന്യം ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ്. പ്രതിനിധികളിൽ ഏറെയും ഹാൻ വംശജർ. 27 % വനിതകളും 11.5 % ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ളവരും സമ്മേളന പ്രതിനിധികളിൽ ഉൾപ്പെടുന്നു.

ചരിത്രപ്രസിദ്ധമായ ടിയാനൻമെൻ ചത്വരത്തിലെ ഗ്രേറ്റ് ഹാളിലേക്ക് നേതാക്കൾ നിരയായി എത്തുന്നതോടെ സ്വാഗതഗാനം മുഴങ്ങും. ഇതോടെ സമ്മേളനത്തിനു തുടക്കമാകും. തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഷി റിപ്പോർട്ട് അവതരിപ്പിക്കും. അതിനുശേഷം പ്രതിനിധികൾ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ഇതേക്കുറിച്ച് ചർച്ച ചെയ്യും. പാർട്ടി ഭരണഘടനയിൽ വരുത്തേണ്ട ഭേദഗതികളും നിർദേശിക്കും. സർക്കാർ മാധ്യമങ്ങളിൽപോലും തൽസമയ സംപ്രേക്ഷണമില്ല.

19–ാം പാർട്ടി കോൺഗ്രസിൽ ഷിയുടെ ഉദ്ഘാടനപ്രസംഗം നീണ്ടത് മൂന്ന് മണിക്കൂർ 24 മിനിറ്റ്. ഇത്തവണ പ്രസംഗം അതിലും നീളാനാണു സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. വിമർശനങ്ങൾക്കു പ്രസിഡന്റ് വിശദമായി മറുപടി നൽകുമെന്നാണു കരുതുന്നത്.

Advertisement