ന്യൂഡൽഹി: ബിസിസിഐ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായ ഒഴിവിലാണ് നിയമനം. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പൊവാറിനെ സെലക്ഷൻ കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു.
ടെസ്റ്റ് മത്സരങ്ങളുടെ എണ്ണമനുസരിച്ചുള്ള സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ഓജ ചെയർമാനായത്. ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് ഗാത്ര, രമേഷ് പൊവാർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
2023 ജൂലൈയിൽ ചെയർമാനായ അഗാർക്കറുടെ കാലാവധി ഒക്ടോബർ നാലിനാണ് അവസാനിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2024, 2026 ട്വന്റി20 ലോകകപ്പുകളും 2025 ചാമ്പ്യൻസ് ട്രോഫിയും നേടി. രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ ബിസിസിഐ അഭിനന്ദിച്ചു.
2025 സെപ്റ്റംബറിൽ സെലക്ഷൻ കമ്മിറ്റി അംഗമായ ഓജ ഇന്ത്യക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറ് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യൻ വനിതാ ടീമിന്റെ മുൻ പരിശീലകനായ രമേഷ് പൊവാർ അന്താരാഷ്ട്ര ക്രിക്കറ്റിലും പരിശീലനരംഗത്തും പരിചയസമ്പത്തുള്ള വ്യക്തിയാണ്.



























