ആറ്റിങ്ങൽ: കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണത്തിനു പിന്നിൽ മർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ മകൻ ബാലഗോപാലിനെ (34) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനിൽ ഇന്നലെ രാവിലെയാണ് മരിച്ചത്.
ആറ്റിങ്ങൽ പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വാടകവീട്ടിലായിരുന്നു സനിലും മകൻ ബാലഗോപാലും താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് സനിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ജോലിക്കാരി അറിയിച്ചതനുസരിച്ച് സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താമസസ്ഥലത്ത് വീണു പരുക്കേറ്റെന്നായിരുന്നു ആശുപത്രിയിൽ നൽകിയ വിവരം.
എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സനിൽ അംഗമായ ഹോട്ടൽ അസോസിയേഷൻ പ്രവർത്തകർ ആറ്റിങ്ങൽ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് ജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
ആശുപത്രിയിൽ സനിലിനൊപ്പം മകൻ ബാലഗോപാലായിരുന്നു ഉണ്ടായിരുന്നത്. സനിലിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ബാലഗോപാലിനെ കസ്റ്റഡിയിലെടുത്തു. മർദനത്തെ തുടർന്നുണ്ടായ പരുക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണു മർദിച്ചതെന്നാണ് സൂചനയെന്നു പൊലീസ് പറഞ്ഞു. തലയുടെ വലതു വശത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. 5 വാരിയെല്ലുകൾ പൊട്ടിയിരുന്നതായും കഴുത്തിനു പരുക്കേറ്റതായും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായും പൊലീസ് പറഞ്ഞു.
Home News Breaking News മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനെ ചൊല്ലി തർക്കം..കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ മരണത്തിനു...


























