26.9 C
Kollam
Thursday 18th June, 2026 | 09:24:37 PM
Home News Breaking News സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി

Advertisement

സംസ്ഥാനത്ത് ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി. കാലവര്‍ഷം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ കനത്ത വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാനാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.

ജൂണ്‍ 30 വരെ ദിവസേന വൈകീട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷം ദുര്‍ബലമായത്.

ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് നിലവില്‍ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. മഴ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നിയന്ത്രണം നീണ്ടുപോയേക്കുമെന്ന സൂചനയും കെഎസ്ഇബി നല്‍കുന്നുണ്ട്.

2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശകരമായി നടക്കുന്ന വേളയില്‍ കെഎസ്ഇബി പ്രഖ്യാപിച്ച രാത്രികാല വൈദ്യുതി നിയന്ത്രണത്തിനെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ഉയരുന്നത്. മത്സരങ്ങള്‍ തത്സമയം കാണാന്‍ കാത്തിരിക്കുന്ന കായികപ്രേമികളെയും യുവാക്കളെയും ഈ തീരുമാനം കടുത്ത ബുദ്ധിമുട്ടിലാക്കും.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഈ വൈദ്യുതി നിയന്ത്രണം അടിയന്തരമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടു. എന്നാല്‍, അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതും പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തിലെ കുറവും കാരണം മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here